എറണാകുളം: തലയോലപ്പറമ്പിനടുത്ത് പൊതി കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് ഇടവകാതിർത്തിയിൽ നിർമ്മിച്ച സാന്തോം ഭവൻ്റെ കൂദാശാകർമ്മം ബിഷപ്പ് എമിരറ്റസ് തോമസ് ചക്യത്ത് നിർവ്വഹിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്രമ ജീവിതം നയിക്കുന്ന വൈദികർക്കു വേണ്ടി പണി കഴിപ്പിച്ച വൈദിക മന്ദിരമാണ് സാന്തോം ഭവൻ. അതിരൂപതയുടെ തെക്കു ഭാഗത്ത് ഒരു വൈദിക മന്ദിരം പണി കഴിപ്പിക്കുകയെന്ന അതിരൂപതയുടെ ഒരു വലിയ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ പറഞ്ഞു.
അതിരൂപതക്കു വേണ്ടി 2014 മാർച്ച് 4 നാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥലം ഏറ്റെടുത്ത് നൽകിയത്. 2015 ജനുവരി 17ന് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് തറക്കില്ലിട്ടു. പിന്നീട് നാളിതുവരെ ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി സഹകരിച്ച അഭിവന്ദ്യ പിതാക്കന്മാരോടും വൈദികരോടും അത്മായരോടും ഫാ. മാണിക്കത്താൻ നന്ദി പറഞ്ഞു.
ബിഷപ്പ് തോമസ് ചക്യത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ വികാരി ജനറാൾമാരായ ഫാ. ഹൊർമീസ് മൈനാട്ടി, ഫാ. ജോയി അയിനിയാടൻ, വൈക്കം ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേൻ, ഫാ. ജോൺസൺ വല്ലൂരാൻ എന്നിവർ സഹകാർമ്മികരായിരുന്നു.
വികാരി ജനറാൾ ഫാ. ജോസ് പുതിയേടത്ത് തിരുഹൃദയ പ്രതിഷ്ഠ നടത്തി പ്രാർത്ഥിച്ചു.
36,000 ചതുരശ്രയടിയിൽ ഇരുനിലകളിലായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച വൈദിക മന്ദിരത്തിൽ ഇരുപത്തിമൂന്ന് വൈദികർക്ക് താമസിക്കാം. അതിരൂപതയുടെ കീഴിലുള്ള മൂന്നാമത്തെ വൈദിക മന്ദിരമാണ് ഇന്ന് കൂദാശ ചെയ്യപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.