തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ച കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനായില്ലെങ്കില്‍ ഈ നിയമങ്ങള്‍ അസാധുവാകും. കേസുകളെ അടക്കം ബാധിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകുമെന്നതിനാല്‍ ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിനെ മുള്‍മുനയിലാക്കിയിരിക്കുകയാണ്.
ഈ ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നേടിയെടുക്കുന്നതിന് ഗവര്‍ണറില്‍ കടുത്ത സമ്മര്‍ദം ചെലുത്തി വരുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. വെള്ളിയാഴ്ച ഡല്‍ഹിക്കു പോയ ഗവര്‍ണര്‍ പതിനൊന്നിനെ മടങ്ങിയെത്തൂ. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചു നല്‍കാനോ തിരിച്ചയക്കാനോ ഗവര്‍ണര്‍ പറഞ്ഞിട്ടില്ലെന്നാണ് രാജ്ഭവന്‍ സര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചത്.
സര്‍വകലാശാലാ കാര്യങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും പലകുറി ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാന്‍ വി.സി. നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നുണ്ട്. ഈ നീക്കമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചിരിക്കുന്നത്. കേരള സര്‍വകലാശാലാ വി.സി നിയമനത്തിന് സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്.
അടിയന്തര സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കുക. ഇവ പിന്നീട് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ലായി അവതരിപ്പിച്ച് പാസാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ സഭാ സമ്മേളനം തുടങ്ങിയതു മുതല്‍ 42 ദിവസമേ ഇവയ്ക്ക് ആയുസുണ്ടാകൂ. അവ വീണ്ടും നിലനില്‍ക്കണമെങ്കില്‍ ഓര്‍ഡിനന്‍സായിത്തന്നെ പുതുക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ റദ്ദാക്കപ്പെടും.
കഴിഞ്ഞ സഭാ സമ്മേളനം പിരിഞ്ഞ ശേഷം ബില്ലാക്കാത്ത 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഈ ശുപാര്‍ശ 28ന് രാജ്ഭവനിലെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.