ചരിത്രമെഴുതി ഐഎസ്ആര്‍ഒ; എസ്എസ്എല്‍വി റോക്കറ്റ് വിക്ഷേപണം വിജയകരം

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; എസ്എസ്എല്‍വി റോക്കറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: വാണിജ്യാടിസ്ഥാനത്തില്‍ ചെറിയ ഉപ്രഗഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച എസ്എസ്എല്‍വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം വിജയകരം. രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ട്, 750 ലേറെ പെണ്‍കുട്ടികള്‍ നിര്‍മ്മിച്ച കുഞ്ഞന്‍ ഉപഗ്രഹമായ മൈക്രോസാറ്റലൈറ്റ് 2 എന്നിവയുമായാണ് എസ്എസ്എല്‍വിഡി ഒന്ന് കുതിച്ചുയര്‍ന്നത്.

34 മീറ്റര്‍ നീളവും 120 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് പരമാവധി 500 കിലോ വഹിച്ച് ഭൂമിയോട് ഏറ്റവും അടുത്തുള്ള സൗരസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാം. ഗവ. സ്‌കൂളുകളിലെ കുട്ടികള്‍ നിര്‍മ്മിച്ച ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തിന് എട്ടുകിലോ ഭാരമേയുള്ളു.

സ്‌പേസ്‌കിഡ്‌സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. ഈ ഉപഗ്രഹ നിര്‍മാണത്തില്‍ പങ്കാളികളായവരില്‍ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉള്‍പ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കള്‍ക്ക് ഭാവിയില്‍ എസ്എസ്എല്‍വി സേവനം ഉപയോഗിക്കാം.

എസ്എസ്എല്‍വി റോക്കറ്റ് വരുന്നതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയില്‍ നിന്ന് പിഎസ്എല്‍വി ഒഴിവാകും. ഉപയോക്താക്കളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിക്ഷേപണം നടത്താമെന്നത്ത് എസ് എസ്എല്‍വിയുടെ ഗുണമാണ്. വലിയ സാധ്യതയുള്ള ചെറുകിട ഉപഗ്രഹ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇത് ഐഎസ്ആര്‍ഒയ്ക്ക് കരുത്തു നല്‍കും.

രണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്.എസ്.എല്‍.വി. നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവു വരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍ കൊണ്ട് ഇതിനെ വിക്ഷേപണ സജ്ജമാക്കാന്‍ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇ.ഒ.എസ്.-02 നെയും ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്.എസ്.എല്‍.വി.ക്ക് 12 മിനിറ്റു സമയം മതി. ഭൂപടനിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കാണ് ഇ.ഒ.എസ്.-02 പ്രധാനമായും ഉപയോഗിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.