ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു; സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു

ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു; സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു

ചെറുതോണി: ഇടുക്കി ഡാം തുറന്നു. ഇന്ന് രാവിലെ 10.00 മണിക്കാണ് ഡാം തുറന്നത്. 9.55 ന് ആദ്യ സയറണ്‍ മുഴങ്ങി. മൂന്ന് സയറണ്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളമാണ് പെരിയാറിലേക്ക് ഒഴിക്കുക. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. അതേസമയം, പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.20 അടിയാണ്.

റൂള്‍ കര്‍വ് പരിധി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍ നിന്ന് വെള്ളം എത്തിയാലും പെരിയാറില്‍ ഒന്നര അടിയോളം മാത്രമാണ് ജലനിരപ്പ് ഉയരുക.

ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 26 ക്യാംപുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെറുതോണിയില്‍ ഷട്ടര്‍ തുറന്നാല്‍ വെള്ളം ഒരു മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് എറണാകുളം ജില്ലയിലെ കവലങ്ങാട് എത്തും. 4 മണിക്കൂറില്‍ കാലടിയിലും 9 മണിക്കൂറില്‍ ആലുവയിലും 12 മണിക്കൂറില്‍ വരാപ്പുഴയിലും എത്തുമെന്നാണ് കണക്കുകൂട്ടല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.