നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനിടെ കത്തോലിക്ക വിരുദ്ധ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ചൈനീസ് എംബസി; പ്രതിഷേധം ശക്തം

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനിടെ കത്തോലിക്ക വിരുദ്ധ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ചൈനീസ് എംബസി; പ്രതിഷേധം ശക്തം

ബീജിങ്: അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനിടെ കത്തോലിക്ക വിരുദ്ധ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ഫ്രാന്‍സിലെ ചൈനീസ് എംബസി. ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ വിവാദമായതോടെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കത്തോലിക്ക വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന വിധമുള്ള സന്ദേശമാണ് കാര്‍ട്ടൂണിലൂടെ എംബസി പങ്കുവച്ചത്.

ചൈനീസ് കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ വുഹെക്കിലിന്‍ വരച്ച ചിത്രമാണ് വിവാദമായത്.

കന്യകാമറിയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ തലയില്‍ പ്രഭാവലയമുള്ള, വസ്ത്രം ധരിച്ച സ്ത്രീ ഒരു നഴ്‌സറി സ്‌കൂളിന്റെ ജനാലയിലൂടെ കൈയിട്ട് തൊട്ടിലില്‍നിന്ന് ഒരു കുഞ്ഞിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതും കമ്മ്യൂണിസത്തിന്റെ അടയാളമായ ചുറ്റിക പിടിച്ച മനുഷ്യന്‍ അതു നോക്കിനില്‍ക്കുന്നതുമാണ് കാര്‍ട്ടൂണിന്റെ ഇതിവൃത്തം.

സ്ത്രീയുടെ മുഖം പെലോസിയുടേതാണെന്ന് ട്വീറ്റില്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പിലൂടെ വ്യക്തമാകും. ചൈനീസ് ഭാഷയിലുള്ള ശീര്‍ഷകത്തിന്റെ അര്‍ത്ഥം കുട്ടിയെ മോഷ്ടിക്കുന്ന മറിയം എന്നാണ്.


അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള കത്തോലിക്കരില്‍ ഒരാളാണ് പെലോസി. പ്രസിഡന്റ് ജോ ബൈഡന് പിന്നില്‍ രണ്ടാമത്തെ കത്തോലിക്ക വിശ്വാസി.

തങ്ങളില്‍ നിന്നും വേര്‍പെട്ട തായ്‌വാനെ വീണ്ടും നിയന്ത്രണത്തിലാക്കാനാണ് ചൈനയുടെ നീക്കം. എന്നാല്‍, സ്വന്തം ഭരണഘടനയുള്ള സ്വതന്ത്ര രാജ്യമായാണ് തായ്‌വാനെ അമേരിക്ക കാണുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിക്കുന്നത്. ചൈനയുടെ മുന്നറിയിപ്പുകള്‍ ലംഘിച്ചുള്ള നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം പിരിമുറക്കത്തിന് ആക്കം കൂട്ടുകയും ചെയ്തു. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും വിഘടനവാദം രൂക്ഷമാകുകയാണെങ്കില്‍ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുമെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന അടിക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. 'ആരും യുദ്ധം ഇഷ്ടപ്പെടുന്നില്ല, പക്ഷേ ഒരു പിതാവും തന്റെ കുട്ടിയെ മോഷ്ടിക്കാന്‍ ഒരാളെ അനുവദിക്കില്ല'. ഭിത്തിയില്‍ ചൈനയുടെ ഒരു ഭൂപടവും കുഞ്ഞിന്റെ തലയ്ക്ക് മുകളില്‍ ഒരു തവളയുടെ ചിത്രവും ഉണ്ട്.

തായ്‌വാനെ അതിന്റെ പിതൃരാജ്യത്തുനിന്ന് മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മന്ത്രവാദിനി ആയി പെലോസിയെ ചിത്രീകരിക്കുന്നുവെന്ന് ദൈവശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനുമായ മൈക്കല്‍ ചാംബോണ്‍ പറഞ്ഞു. തായ്‌വാനിലെ ജനങ്ങളെ പരാമര്‍ശിക്കാനാണ് തവളയുടെ ചിത്രം ചേര്‍ത്തിരിക്കുന്നത്.

'കത്തോലിക്കരെയും ലോകമെമ്പാടുമുള്ള മറ്റ് ക്രൈസ്തവ വിശ്വാസികളെയും ആഴത്തില്‍ വേദനിപ്പിക്കുന്നതാണ് കാര്‍ട്ടൂണിന്റെ ഇതിവൃത്തമെന്ന് ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകനായ ബെനഡിക്റ്റ് റോജേഴ്സ് കുറ്റപ്പെടുത്തുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിന്റെ ഏറ്റവും നികൃഷ്ടവും വെറുപ്പുളവാക്കുന്നതുമാണ് പ്രവര്‍ത്തികളുടെ ഉദാഹരണമാണിത്. നാന്‍സി പെലോസിയെ അവരുടെ കത്തോലിക്കാ വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ആക്രമിക്കാനുള്ള നീചമായ ശ്രമമാണിതെന്നും ബെനഡിക്റ്റ് റോജേഴ്സ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.