ലാഹോര്‍ സഫാരി മൃഗശാലയിലെ സിംഹങ്ങള്‍
ലാഹോര്‍: സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്താനിലെ ലാഹോര്‍ സഫാരി മൃഗശാല പന്ത്രണ്ട് സിംഹങ്ങളെ ലേലം ചെയ്യാനൊരുങ്ങുന്നു. അമിതമായ വംശവര്‍ധനയും ഭക്ഷണത്തിനായുള്ള ഭീമമായ ചെലവുമാണ് സിംഹങ്ങളെ ലേലം ചെയ്യാന്‍ മൃഗശാല അധികൃതരെ പ്രേരിപ്പിക്കുന്നത്. നിലവില്‍ മൃഗശാലയില്‍ 29 സിംഹങ്ങളാണുള്ളത്. ഇവയില്‍ രണ്ടിനും അഞ്ചിനും ഇടയില്‍ പ്രായമുള്ളവയെ ലേലം ചെയ്ത് എണ്ണം കുറയ്ക്കാനാണ് തീരുമാനം. 12 എണ്ണത്തിനെ ഓഗസ്റ്റ് 11 ന് ലേലം ചെയ്യും.
പാകിസ്താനിലെ സമ്പന്നരായ വ്യക്തികള്‍ തങ്ങളുടെ വിദേശ വളര്‍ത്തുമൃഗങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ലേലത്തിലൂടെ വലിയ തുക നേടാനാവും എന്നാണ് മൃഗശാല അധികൃതര്‍ കരുതുന്നത്. 150,000 പാകിസ്താന്‍ രൂപയാണ് ഒരു സിംഹത്തിന്റെ അടിസ്ഥാന വിലയെങ്കിലും ലേലം മുറുകുമ്പോള്‍ തുക ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഒരു സിംഹത്തിന് ഏകദേശം 20 ലക്ഷം പാകിസ്താന്‍ രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലത്തിന് പങ്കെടുക്കുന്നവര്‍ മൃഗങ്ങളെ പരിപാലിക്കാന്‍ കഴിയുമെന്നതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും.
സിംഹങ്ങളെ കൂടാതെ ആറ് ചീറ്റകളും രണ്ട് പുള്ളിപ്പുലികളും മൃഗശാലയില്‍ ഉണ്ടെന്ന് ലാഹോര്‍ മൃഗശാല ഡെപ്യൂട്ടി ഡയറക്ടര്‍ തന്‍വീര്‍ അഹമ്മദ് ജന്‍ജുവ പറയുന്നു. മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ തന്നെ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടതായി വരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി.
അതേസമയം, മൃഗശാലയുടെ നീക്കത്തിനെതിരെ പാകിസ്താനിലെ മൃഗസംരക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലേലം നടത്താന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒന്നുകില്‍ സിംഹങ്ങളെ മറ്റ് മൃഗശാലകളിലേക്ക് മാറ്റുകയോ പെണ്‍ സിംഹങ്ങള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നല്‍കുകയോ ചെയ്യണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൃഗശാലയില്‍ നിന്ന് ഇത്തരമൊരു ലേലം നടന്നാല്‍ വന്യജീവി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ബിസിനസായി ഇത് മാറുമെന്ന് പരിസ്ഥിതി സംരക്ഷകര്‍ പറയുന്നു.
ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.