കൂടുതല്‍ ഡാമുകള്‍ ഇന്നു തുറക്കും; ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു

കൂടുതല്‍ ഡാമുകള്‍ ഇന്നു തുറക്കും; ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. മുന്‍പ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി കടന്നതോടെയാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ 774.20 മീറ്ററാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 8.50 ഘനമീറ്റര്‍ വെള്ളമാകും പുറത്തേക്ക് ഒഴുക്കുക.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയായി ഉയര്‍ന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. സെക്കന്‍ഡില്‍ ഒരു ലക്ഷം ലീറ്റര്‍ വീതം വെള്ളമാണ് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി. സെക്കന്‍ില്‍ 12,667 ഘനയടിയാണ് നീരൊഴുക്ക്. പത്തു ഷട്ടറുകളിലൂടെ ഒഴുക്കുന്നത് സെക്കന്‍ഡില്‍ 3,545 ഘനയടി വെള്ളമാണ്. സെക്കന്റില്‍ 2122 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്.

ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഇന്നു തുറന്നു വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴ പെയ്യാനുള്ള സാധ്യതയും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നതും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഉയര്‍ത്തിയിരിക്കുന്ന മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയായിരിക്കും അധിക ജലം തുറന്നു വിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റേയും വൈദ്യതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു 11ന് തുറക്കും. ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 10നു ഡാം തുറക്കും. സംഭരണികളിലെ ജലനിരപ്പ് റൂള്‍ കര്‍വ് എത്തിയതിനെ തുടര്‍ന്നാണ് കക്കിആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുക. ആനത്തോട് അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ വഴി 100 ക്യുമെക്‌സ് ജലമാണ് ഒഴുക്കി വിടുക. പമ്പാ നദിയില്‍ പരമാവധി 30 സെന്റിമീറ്ററില്‍ അധികം ജല നിരപ്പ് ഉയരില്ല.

35 മുതല്‍ 50 ക്യുമെക്‌സ് ജലം പുറത്തേക്ക് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ പമ്പയില്‍ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരും. പമ്പാതീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138.40 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റില്‍ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.