വാഷിങ്ടണ്‍: യുദ്ധഭീഷണികള്‍ കാര്‍മേഘമായി ഇരുണ്ടു മൂടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ പുതു തലമുറ ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയില്‍ അല്ലെങ്കില്‍ മണിക്കൂറില്‍ 5,600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുളള ഈ മിസൈല്‍ ഏറ്റവും വേഗമേറിയ ഹൈപ്പര്‍സോണിക് മിസൈലാണെന്ന് കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലെ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഇയാന്‍ ബോയ്ഡ് പറയുന്നു.
ബാലിസ്റ്റിക് മിസൈലുകള്‍ പോലെ തന്നെ ആണവായുധങ്ങള്‍ എത്തിക്കാന്‍ കഴിയുന്നവയാണ് ഹൈപ്പര്‍സോണിക് മിസൈലുകളും. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ പറക്കാന്‍ കഴിയും. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ അവയുടെ ലക്ഷ്യത്തിലെത്താന്‍ ആദ്യം ആകാശത്തേക്ക് കുതിക്കുകയും പിന്നീട് താഴോട്ട് വരികയുമാണ് ചെയ്യുന്നത്. അതേസമയം ഹൈപ്പര്‍സോണിക് മിസൈല്‍ അന്തരീക്ഷത്തിലെ താഴ്ന്ന പാതയിലൂടെ പറന്നു ലക്ഷ്യം കൈവരിക്കും. കൂടുതല്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ ഇതുവഴി സാധിക്കുന്നു.
ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനേക്കാള്‍ വേഗം കുറവാണെന്ന ന്യൂനത ഉണ്ടെങ്കിലും ശത്രുക്കളുടെ റഡാറുകളെ കബളിപ്പിച്ച് മുന്നേറാന്‍ സാധിക്കുന്നു എന്നത് വലിയ മേന്മയാണ്. ഇത്തരം മിസൈലുകളെ പെട്ടന്ന് കണ്ടെത്താനോ പ്രതിരോധിക്കാന്‍ ശത്രുക്കള്‍ക്ക് കഴിയാറില്ല. മാത്രമല്ല വേഗതയ്‌ക്കൊപ്പം അതിമാരക പ്രഹരശേഷിയും പുതിയ തലമുറ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കുണ്ട്.
ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, ഫ്രാന്‍സ്, ഉത്തര കൊറിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ മിസൈല്‍ സാങ്കേതികവിദ്യയില്‍ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹൈപ്പര്‍സോണിക് മിസൈലുകളുടെ നിര്‍മാണത്തിലും പ്രയോഗത്തിലും നേട്ടം കൊയ്തിട്ടുള്ളത് റഷ്യ, ചൈന, അമേരിക്ക ഉള്‍പ്പെടുന്ന മഹാശക്തികള്‍ക്കിടയിലാണ്. ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ അടുത്തിടെ രണ്ട് ഹൈപ്പര്‍സോണിക് കിന്‍സാല്‍ മിസൈലുകള്‍ വിക്ഷേപിച്ചത് വലിയ നാഴികക്കല്ലായി റഷ്യ അവകാശപ്പെട്ടിരുന്നു.
യുദ്ധം കൊടുമ്പിരി കൊണ്ടു നില്‍ക്കെ ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ പ്രയോഗിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉണ്ടാകാമെന്ന് സംശയിക്കാവുന്നത് ഇനി ചൈനയെയാണ്. കഴിഞ്ഞ വര്‍ഷം ചൈന ഒരു ആണവ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതൊക്കെയാണെങ്കിലും ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ അമേരിക്ക ഇപ്പോഴും ചൈനയ്ക്കും റഷ്യയ്ക്കും മുകളിലാണെന്ന് എഎസ്പിഐ പ്രതിനിധി ഡോ. ആന്‍ഡ്രൂ ഡേവിസ് പറയുന്നു. തായ് വാന്‍-ചൈന സംഘര്‍ഷം അതിന്റെ ഏറ്റവും വഷളായ അവസ്ഥയില്‍നില്‍ക്കുമ്പോള്‍ പുതിയ തലമുറ ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മാണ വാര്‍ത്ത അമേരിക്ക പുറത്ത് വിട്ടതിന് പിന്നില്‍ ചൈനയ്ക്കുള്ള മുന്നറിയിപ്പും താക്കീതും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.