പ്രകോപനം തുടര്‍ന്ന് ചൈന: തായ്‌വാൻ മേഖലയിലെ സൈനികാഭ്യാസം നീട്ടി; സൈനികാഭ്യാസം പ്രഖ്യാപിച്ച് തായ്‌വാനും

പ്രകോപനം തുടര്‍ന്ന് ചൈന: തായ്‌വാൻ മേഖലയിലെ സൈനികാഭ്യാസം നീട്ടി; സൈനികാഭ്യാസം പ്രഖ്യാപിച്ച് തായ്‌വാനും

ബീജിങ്: അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി ആരംഭിച്ച സൈനികാഭ്യാസം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ ചൈന. ചൈനയുടെ എക്കാലത്തെയും വലിയ സൈനികാഭ്യാസമെന്ന് വിശേഷിപ്പിച്ച യുദ്ധോപകരണ വിന്യാസം ഇന്നും തുടര്‍ന്നു. ഞായറാഴ്ച്ച ഉച്ചയോടെ അവസാനിപ്പിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ പരിശീലനം തുടരാന്‍ ചൈനീസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

സൈനികാഭ്യസത്തെ തുടര്‍ന്ന് ഒരാഴ്ച്ചയിലേറെയായി തായ്‌വാന്‍ മേഖലയില്‍ സമുദ്ര, വ്യോമ ഗതാഗത മാര്‍ങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. സൗത്ത് ചൈന കടലിടുക്കുവഴിയുള്ള ചരക്ക് ഗതാഗതവും നിശ്ചലമായി. ആഗോള ചരക്ക് നീക്കം തടസ്സപ്പെടുത്തിയുള്ള ചൈനയുടെ നടപടി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ എതിര്‍പ്പിന് ഇത് കാരണമായി.

ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ നേതൃത്വത്തിന്റെ കീഴിലാണ് സൈനികാഭ്യാസം നടക്കുന്നത്. മിസൈല്‍, 66 വിമാനങ്ങള്‍, 14 യുദ്ധക്കപ്പലുകളും ഡ്രോണുകളും എന്നിവയ്ക്ക് പിന്നാലെ അന്തര്‍വാഹിനികളും പരിശീലനത്തില്‍ അണിനിരന്നു.

'ചൈനയുടെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ തിങ്കളാഴ്ച്ച പറഞ്ഞു. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയെ പിന്തിരിപ്പിക്കും. 'സ്വാതന്ത്ര്യത്തിനായി അമേരിക്കയെ ആശ്രയിക്കുന്നു' എന്ന തായ്‌വാന്‍ സര്‍ക്കാരിന്റെ മിഥ്യാധാരണ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചൈനീസ് അഭ്യാസങ്ങള്‍ക്ക് മറുപടിയായി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തായ്‌വാന്‍ സൈന്യം തെക്കന്‍ പിംഗ്ടംഗ് കൗണ്ടിയില്‍ പീരങ്കി അഭ്യാസങ്ങള്‍ നടത്തുമെന്ന് തായ്‌വാന്റെ ഔദ്യോഗിക സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഭ്യാസത്തില്‍ സൈനികര്‍, യുദ്ധ വാഹനങ്ങള്‍, കവചിത വാഹനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജനാധിപത്യ തായ്വാനെ പിന്തുണയ്ക്കാന്‍ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഗ്രൂപ്പ് ഓഫ് സെവന്‍ വ്യാവസായിക രാജ്യങ്ങളും ചൈനയുടെ നടപടികളെ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.