കാബൂള്‍: അമേരിക്ക തലയ്ക്ക് കോടികള്‍ വിലയിട്ട തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്റെ ഉന്നത കമാന്‍ഡര്‍ ഒമര്‍ ഖാലിദ് ഖൊറാസാനി കൊല്ലപ്പെട്ടു. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് ഉന്നത തീവ്രവാദി നേതാക്കളും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ സ്‌ഫോടനത്തിലാണ് മരണമടഞ്ഞത്.
ഖൊറാസാനി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം സ്ഫോടകവസ്തു ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ടിടിപി കമാന്‍ഡര്‍മാരായ അബ്ദുള്‍ വാലി മുഹമ്മദ്, മുഫ്തി ഹസന്‍, ഹാഫിസ് ദൗലത്ത് ഖാന്‍ എന്നിവരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന അഫ്ഗാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൊടും കുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഖൊറസാനിയുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. ഖൊറസാനിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചതിനു പിന്നാലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കനത്ത ജാഗ്രതയിലാണ്.
പാക്കിസ്ഥാനില്‍ ഉടനീളം ശരിയത് നിയമം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദ സംഘടനയായ ടിടിപിയുടെ ഉന്നത അംഗമാണ് ഖൊറാസാനി. സമാധാന ചര്‍ച്ചകള്‍ക്കായി ടിടിപി നേതൃത്വവുമായി പാക് അധികൃതര്‍ ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് സംഭവം.
രണ്ടു മാസമായി പാക്കിസ്ഥാന്‍ സൈന്യവും ടിടിപി നേതൃത്വവും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയുണ്ടായിരുന്നു. പാക്കിസ്ഥാനി താലിബാന്റെ മൊഹ്‌മന്ദ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നയാളാണ് ഖൊറസാനി.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. താലിബാന്‍ രണ്ടാംവട്ടം അധികാരത്തിലെത്തിയ ശേഷം ഇസ്ലാമാബാദും കാബൂളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.