തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സുകള്‍ അസാധുവായത്. ഇന്നലെ രാത്രി 12 മണി വരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് നിയമസാധുത ഉണ്ടായിരുന്നത്. പിന്നാലെ ഒക്ടോബറില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ നിയമമാക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് ഗവര്‍ണറെ അറിയിച്ചു.
റദ്ദായതോടെ ഓര്‍ഡിനന്‍സുകള്‍ വരുന്നതിന് മുന്‍പുള്ള നിയമം നിലനില്‍ക്കും. റദ്ദാക്കപ്പെടുന്നവയില്‍ ഏഴു പ്രാവശ്യം വരെ പുതുക്കിയ ഓര്‍ഡിനന്‍സുകളും ഉണ്ട്. പൊതു പ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ അവര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സ് അടക്കമാണ് കാലാവധി കഴിഞ്ഞതോടെ അസാധുവായത്. ലോകായുകത വിധിക്കുമേല്‍ മുഖ്യമന്ത്രിയ്ക്ക് അധികാരം നല്‍കുന്ന ഭേദഗതിയായിരുന്നു വരുത്തിയത്. ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞതോടെ ലോകായുക്തയ്ക്ക് അധികാരം പുനസ്ഥാപിച്ചുകിട്ടണമെന്ന വാദമുണ്ട്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടുവിക്കുന്നതിന് വേണ്ടി ഗവര്‍ണറെ രാജ്ഭവന്‍ വഴിയും നേരിട്ടും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടു വരില്ലെന്നാണ് സൂചന.
അസാധുവായ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ 'സേവിങ് ക്ലോസ്' അനുസരിച്ച് മുന്‍കാല പ്രാബല്യം ലഭിക്കും. അസാധുവായ ശേഷമുള്ള ദിവസങ്ങളില്‍ ഈ നിയമം നിലനിന്നതായി കണക്കാക്കണം എന്നതാണ് 'സേവിങ് ക്ലോസ്'.
സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ല എന്ന് താക്കീതും നല്‍കിയിരുന്നു.
ഓര്‍ഡിനന്‍സ് സംബന്ധിച്ച് പഠിക്കാന്‍ സമയം ആവശ്യമാണ്. കണ്ണൂം പൂട്ടി എല്ലായിടത്തും ഒപ്പിടാന്‍ സാധ്യമല്ല. കൃത്യമായി സര്‍ക്കാര്‍ വിശദീകരണം നല്‍കിയാല്‍ മാത്രമെ ഓര്‍ഡിനന്‍സ് അംഗീകരിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.