പാക്കിസ്ഥാനു വേണ്ടി അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മിക്കാന്‍ ചൈനീസ് സൈനികര്‍; ജാഗ്രതയോടെ ഇന്ത്യ

പാക്കിസ്ഥാനു വേണ്ടി അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മിക്കാന്‍ ചൈനീസ് സൈനികര്‍; ജാഗ്രതയോടെ ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് സൈന്യം പാക്കിസ്ഥാനു വേണ്ടി പാക് അധിനിവേശ കശ്മീരില്‍ ബങ്കറുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക് അധിനിവേശ കശ്മീരിലെ ഷര്‍ദ്ദ മേഖലയിലാണ് പന്ത്രണ്ടോളം ചൈനീസ് പട്ടാളക്കാരെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ക്കൊപ്പം പാക് സൈനികരും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിലേക്ക് പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്.

നീലം താഴ്വരയ്ക്ക് സമീപം കേല്‍ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എന്‍ജിനീയര്‍മാര്‍ പാക്കിസ്ഥാനു വേണ്ടി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. സിന്ധ് മേഖലയിലും ബലൂചിസ്താനിലും ചൈന നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈന്യം പിടിച്ചെടുത്ത ചില ഡ്രോണുകള്‍ ചൈനീസ് നിര്‍മിതമാണെന്ന് കണ്ടെത്തിയിരുന്നു.

ഇന്ത്യയ്‌ക്കെതിരായ നീക്കത്തിന്റെ ഭാഗമായാണോ ചൈനീസ് സൈനികര്‍ പാക്കിസ്ഥാനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമല്ല. പാക്കിസ്ഥാനിലൂടെ കടന്നു പോകുന്ന ചൈനയുടെ സാമ്പത്തിക ഇടനാഴിക്കെതിരേ പാക്കിസ്ഥാനിലുള്ളവര്‍ തന്നെ രംഗത്തു വന്നിരുന്നു. സ്‌ഫോടനത്തില്‍ നാലോളം ചൈനീസ് എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടതും അടുത്തിടെയാണ്.

ചൈനീസ് സാമ്പത്തിക ഇടനാഴിക്കെതിരേ വളരെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനില്‍ ഉയരുന്നത്. സാമ്പത്തിക ഇടനാഴിയിലെ പദ്ധതികളുടെ തുക ഏകദേശം 80 ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 90 ശതമാനവും പാക്കിസ്ഥാന്‍ തിരികെ അടക്കേണ്ടി വരും. ഇത് ചൈനക്ക് പാക്കിസ്ഥാനുമേല്‍ അധീശത്വം ഉണ്ടാക്കാന്‍ ഇടയാക്കും.

പാക് അധിനിവേശ കശ്മീരിലും അക്സൈചിന്നിലും ഈ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്താരാഷ്ട്ര നിയമപ്രകാരം ചൈനയ്ക്ക് കഴിയില്ലെന്ന നിയമപ്രശ്‌നം ചൈനയ്ക്കു മുന്നിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.