എഴുപതാം മാർപാപ്പ ഹൊണൊരിയസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-71)

എഴുപതാം മാർപാപ്പ ഹൊണൊരിയസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-71)

തിരുസഭയുടെ ചരിത്രത്തില്‍ തന്നെ ഒരു സാര്‍വത്രിക സൂനഹദോസിനാല്‍ സത്യവിശ്വാസത്തില്‍ നിന്നും സഭയുടെ ഔദ്യോഗിക പഠനങ്ങളില്‍ നിന്നും വ്യതിചലിച്ചതിന്റെ പേരില്‍ കുറ്റം വിധിക്കപ്പെടുകയും ദണ്ഡിക്കപ്പെടുകയും ചെയ്ത ചുരുക്കം ചില മാര്‍പ്പാപ്പമാരില്‍ ഒരാളായിരുന്നു തിരുസഭയുടെ എഴുപതാമത്തെ മാര്‍പ്പാപ്പയായിരുന്ന ഹൊണൊരിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ. ഹൊണൊരിയസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഏക അഭിപ്രായമാണുള്ളതെങ്കിലും അദ്ദേഹം ഭരണം തുടങ്ങിയ തീയതിയുമായി ബന്ധപ്പെട്ടും വിത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഒരു അഭിപ്രായമനുസരിച്ച്്, ബോനിഫസ് അഞ്ചാമന്‍ മാര്‍പ്പാപ്പ കാലം ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ, അതായത്, ഏ.ഡി. 625 ഒക്ടോബര്‍ 27-ാം തീയതി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഹൊണൊരിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. ചക്രവര്‍ത്തിയുടെ അംഗീകരാത്തിനായി കാത്തുനില്‍ക്കാതെ റോമിന്റെ മെത്രാനായി നവംബര്‍ 3-ാം തീയതി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. ഈ അഭിപ്രായമനുസരിച്ചണെങ്കില്‍ അദ്ദേഹം ഔദ്യോഗികമായി സഭയുടെ ഭരണമേറ്റെടുത്തത് താന്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട നവംബര്‍ മൂന്നിനാണ്. എന്നാല്‍ മാര്‍പ്പാപ്പമാരുടെ ഔദ്യോഗിക പട്ടികയുള്‍പ്പെടുന്ന സഭയുടെ ഔദ്യോഗിക ഡയറക്ടറിയായ അന്നുവാരിയോ പൊന്തിഫിച്ചിയോ അനുസരിച്ച് ഹൊണൊരിയസ് മാര്‍പ്പാപ്പയുടെ ഭരണം തുടങ്ങിയത് ഒക്ടോബര്‍ 27-ാം തീയതിയാണ്. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ ആ സമയത്ത് റോമിലുണ്ടായിരുന്ന പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ എക്‌സാര്‍ക്ക് ഐസക്കില്‍നിന്നും ഹൊണോരിയസ് മാര്‍പ്പാപ്പ തന്റെ തിരഞ്ഞെടുപ്പിന് രാജകീയ അംഗീകാരം നേടിയെന്നും ഉടനെതന്നെ റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടുവെന്നും അന്നുവാരിയോ പൊന്തിഫിച്ചിയോ വ്യക്തമാക്കുന്നു.

ഒരു വ്യക്തി റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെടാതെ തിരുസഭയുടെ മാര്‍പ്പാപ്പയാകുകയില്ല എന്ന ദൈവശാസ്ത്ര നിലപാടിന് വിരുദ്ധമായിരുന്നു ഹൊണൊരിയസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പും അഭിഷേകവും. എന്നിരുന്നാലും സഭയുടെ ചരിത്രത്തില്‍ മാര്‍പ്പാപ്പയുടെ പദവി സാധൂകരിക്കപ്പെടുന്നതിന് കാനോനികമായി മാര്‍പ്പാപ്പയായുള്ള തിരഞ്ഞെടുപ്പ് മാത്രം ആവശ്യമായിരുന്ന അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സഭയിലെ നിലവിലെ കാനോന്‍ നിയമം അനുസരിച്ച് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നതുവരെ അദ്ദേഹം തിരുസഭയുടെ മാര്‍പ്പാപ്പയല്ല എന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ആദ്യ ശതാബ്ദത്തിലെ സഭയിലെ മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ സമയത്ത് വൈദികരോ, ഡീക്കന്‍മാരോ സബ്ഡീക്കന്മാരോ ആയിരുന്നു. മെത്രാനായിരിക്കുമ്പോള്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തി മരിനൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയായിരുന്നു. ഇതിരു കാരണമായി നിലനിന്നിരുന്നത് ന്യഖ്യാ കൗണ്‍സിലിന്റെ പ്രമാണരേഖയിലെ പതിനഞ്ചാം കാനന്‍ നിഷ്‌കര്‍ഷിച്ച ഒരു മെത്രാന്‍ തന്റെ രൂപതയില്‍ നിന്നും മറ്റൊരു രൂപതയിലേക്ക് മാറുവാന്‍ പാടില്ല എന്ന നിയമമായിരുന്നു.

പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ വചനമായ ദൈവമാണ് മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിലെ ദൈവികവും മാനുഷികവുമായ എല്ലാ പ്രവര്‍ത്തികളുടെയും കര്‍ത്താവെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കിസായ സെര്‍ജിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 634 ഹൊണൊരിയസ് മാര്‍പ്പാപ്പയ്ക്ക് എഴുതി. ക്രിസ്തുവില്‍ ദൈവികസ്വഭാവം മാത്രമേയുള്ളുവെന്നും മാനുഷികസ്വഭാവമില്ലെന്നും പഠിപ്പിച്ച മോണൊഫിസിറ്റിക്ക് പാഷണ്ഡതയെ നേരിടുവാന്‍ പൗരസ്ത്യസഭയില്‍ ക്രിസ്തുവില്‍ രണ്ടു സ്വഭാവമുണ്ടെന്നും എന്നാല്‍ ക്രിസ്തുവില്‍ ഒരു പ്രവര്‍ത്തനമെയുള്ളുവെന്നുമുള്ള സംജ്ഞ ഫലപ്രദമാണെന്നും സെര്‍ജിയൂസ് മാര്‍പ്പാപ്പയെ ധരിപ്പിച്ചു. എന്നാല്‍ ജറുസലേമിന്റെ പാത്രിയാര്‍ക്കീസായ സൊഫ്രോനിയൂസും മറ്റുള്ളവരും പ്രസ്തുത സംജ്ഞയെ മോണോഫിസിറ്റിസത്തിന്റെ മറ്റൊരു വേഷപകര്‍ച്ചയായിട്ടാണ് അതായത് ഏകസ്വഭാവവദം പുതിയ കുപ്പായത്തില്‍ ഉത്ഭവിച്ചതാണ് എന്നാണ് കണക്കാക്കിയത്. എന്നാല്‍ അത്തരം എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ ഹൊണൊരിയസ് മാര്‍പ്പാപ്പ സെര്‍ജിയസ് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ച സംജ്ഞയെ അംഗികരിക്കുകയും ഒരുപടികൂടി മുമ്പിലോട്ടുപ്പോയി പരിശുദ്ധ ത്രീത്വത്തിലെ വചനമായ ദൈവം മാനുഷിക സ്വഭാത്തിലൂടെയും ദൈവികസ്വഭാവത്തിലൂടെയും പ്രവര്‍ത്തിക്കുന്നതിനാല്‍ ക്രിസ്തുവിന് ഒരു ഇച്ഛാശക്തി മാത്രമേ അതായത് ദൈവിക ഇച്ഛാശക്തി മാത്രമേ ഒള്ളുവെന്നും പഠിപ്പിക്കുകയും ചെയ്്തു. സെര്‍ജിയൂസിന് അയച്ച രണ്ടാമത്തെ കത്തിലൂടെ മാര്‍പ്പാപ്പ ചാല്‍സിഡണ്‍ കൗണ്‍സിലിന്റെ പഠനത്തെ സ്വീകരിക്കുവാനും പാലിക്കുവാനും നിര്‍ദ്ദേശിച്ചതിനോടൊപ്പം ക്രിസ്തുവില്‍ മാനുഷിക ഇച്ഛയും ദൈവിക ഇ്ച്ഛയുമുണ്ടെന്ന ദൈവശാസ്ത്ര സംജ്ഞയെ നിരാകരിച്ചു. ഹൊണൊരിയസ് മാര്‍പ്പാപ്പയുടെയും സെര്‍ജിയസ് പാത്രിയാര്‍ക്കീസിന്റെയും ഈ നിലപാട് മൊണൊതെലിറ്റിസം എന്ന പാഷണ്ഡതയായി അറിയപ്പെട്ടു. പ്രസ്തുത പാഷണ്ഡതയെ ഏ.ഡി. 381-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സമ്മേളിച്ച മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് തെറ്റായ പഠനമെന്ന് വിധിക്കുകയും അപലിപിക്കുകയും ചെയ്തു. മാത്രമല്ല സെര്‍ജിയസ് പാത്രിയാര്‍ക്കീസിന്റെ ദുഷ്ടലാക്കോടെയുള്ള പ്രാമാണിക പഠനങ്ങളെ അംഗീകരിച്ചതിന്റെ പേരില്‍ മാര്‍പ്പാപ്പ സെര്‍ജിായസിനയച്ച രണ്ടു കത്തുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ട് പരസ്യമായി അവയെ തള്ളിപറയുകയും ദണ്ഡിക്കുകയും ചെയ്തു.

ഹൊണൊരിയസ് മാര്‍പ്പാപ്പയുടെ ഏക ഇച്ഛവാദം ഹിരാക്ലിയസ് ചക്രവര്‍ത്തിയുടെ എക്തീസിസ് എന്നറിയപ്പെട്ട രാജകീയ ശാസനത്തില്‍ സംയോജിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഹൊണൊരിയസ് മാര്‍പ്പാപ്പയുടെ നിലപാട് മൊണൊതെലിറ്റിസം എന്ന പാഷണ്ഡതയുടെ വ്യക്തമായ പ്രകടനാമയിരുന്നു. ഇത് തിരിച്ചറിഞ്ഞ മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് മാര്‍പ്പാപ്പയെ കുറ്റക്കാരനായി കണ്ടെത്തുകയും പ്രസ്തുത പാഷണ്ഡതയ്ക്ക് കാരണമായ മറ്റുള്ളവരുടെ പേരിനോടൊപ്പം തന്നെ പേരെടുത്തുപറഞ്ഞ് ശാസിക്കുകയും ദണ്ഡിക്കുകയും ചെയ്തു. മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിന്റെ നടപടികളെ അംഗീകരിച്ചുകൊണ്ട് കോണ്‍സ്റ്റന്റയില്‍ ചക്രവര്‍ത്തിക്ക് എഴുതിയ കത്തില്‍ സെര്‍ജിയൂസിനെയും ഹൊണൊരിയസിനെയും ദണ്ഡിച്ചുകൊണ്ടും ഭ്രഷ്ട് കല്‍പ്പിച്ചുകൊണ്ടുമുള്ള നടപടിയെ സ്ഥിരികരിച്ചു.
സൂനഹദോസിനാല്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൊണൊരിയസ് മാര്‍പ്പാപ്പ തെറ്റായ പ്രാമാണിക പഠനങ്ങളെ തുടര്‍ന്ന് ഏ.ഡി. 550-ല്‍ ആഫ്രിക്കന്‍ മെത്രാന്മാരുടെ സിനഡിനാല്‍ സഭാഭ്രഷ്ടനാക്കപ്പെട്ട വിജിലിയസ് മാര്‍പ്പാപ്പയുമായി കൈകള്‍ കോര്‍ത്തു.

സഭയുടെ ചരിത്രത്തില്‍ ഏറെ പ്രത്യേകമായി ഒന്നാം വത്തിക്കാന്‍ സൂനഹദോസിന്റെ കാലയളവില്‍ മാര്‍പ്പാപ്പയുടെ അപ്രമാദിത്വത്തിനും തെറ്റാവരത്തിനും എതിരായി വാദിച്ചവര്‍ ഹൊണൊരിയസ് മാര്‍പ്പാപ്പയുടെയും വിജിലിയസ് മാര്‍പ്പാപ്പയുടെയും ജീവിതത്തെയും സംഭവങ്ങളെയും എടുത്തുകാട്ടി മാര്‍പ്പാപ്പയുടെ തെറ്റാവരത്തിനെതിരായി വാദിച്ചു. ഹൊണൊരിയസ് മാര്‍പ്പാപ്പയെ ദണ്ഡിച്ച നടപടി പൗരസ്ത്യ സഭകളും കത്തോലിക്ക സഭയും തമ്മിലുള്ള പുനരൈക്യത്തിനായുള്ള ശ്രമങ്ങള്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിച്ചപ്പോഴും പിന്നീട് ഫ്രാന്‍സില്‍ സഭാസമൂഹങ്ങളില്‍ റോമിന്റെ അധികാരത്തിനു മുകളിലായി പ്രാദേശിക സ്വയംഭരണത്തിനായി വാദിച്ച ഗാലിക്കനിസം എന്ന വിവാദം സഭയില്‍ ഉടലെടുത്ത പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രസ്തുത വാദപ്രതിവാദങ്ങള്‍ ഹൊണൊരിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയെ പിന്തുണച്ചുകൊണ്ട് മാര്‍പ്പാപ്പ കുറ്റക്കാരനായത് അദ്ദേഹത്തിന്റെ അവിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ മൂലമാണെന്നും പാഷണ്ഡതയ്ക്ക് കാരണമായതുകൊണ്ടല്ലെന്നും മാത്രമല്ല അദ്ദേഹത്തിന്റെ പഠനങ്ങള്‍ സാര്‍വത്രിക സഭയെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലായിരുന്നുവെന്നും വാദിച്ചു.

ഈ സംഭവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഹൊണൊരിയസ് മാര്‍പ്പാപ്പയുടെത് വിജയം വരിച്ച ഭരണകാലമായിരുന്നു. ഇറ്റലിയില്‍ ഉടലെടുത്ത ഒരു പ്രാദേശിക ശീശ്മയെ അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. മഹാനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പയെപ്പോലെ അദ്ദേഹവും സന്യാസത്തെ പ്രോത്സാഹിപ്പിക്കുകയും പേപ്പല്‍ വസതിയെ ഒരു മോണസ്റ്ററിയായി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ശൈശവദശയിലായിരുന്ന ബ്രിട്ടണിലെ സഭയെ അദ്ദേഹം പിന്‍തുണയ്ക്കുകയും തന്റെ പ്രത്യേക വാത്സല്യം പ്രകടിപ്പിച്ചുകൊണ്ട് കാന്റംബറിയിലെയും യോര്‍ക്കിലെയും പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് അജപാലന അധികാരമായ പാലിയം നല്‍കുകയും ചെയ്തു. നോര്‍ത്തംബറിയയുടെ രാജാവായിരുന്ന എഡ്വിന്‍ രാജാവ് മാമ്മോദിസാ സ്വീകരിച്ച് കത്തോലിക്ക വിശ്വാസം പുല്‍കിയ വേളയില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്തു. വൈദികരുടെ പരിശീലനപദ്ധതിയെ അദ്ദേഹം പുനരുദ്ധരിച്ചു. ജലസേചനത്തിനായുള്ള റോമിലെ കനാലുകള്‍ അദ്ദേഹം പുനഃനിര്‍മ്മിക്കുകയും പാവങ്ങള്‍ക്കായി അദ്ദേഹം ധാന്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. മാത്രമല്ല റോമിലെ ദേവാലയങ്ങള്‍ പലതും പുനഃരുദ്ധരിച്ച് അവയെ ആരധനയ്ക്ക് യോഗ്യമാക്കി. സ്ംഭവബഹുലമായ ഹൊണൊരിയസ് മാര്‍പ്പാപ്പയുടെ പേപ്പസിക്ക് ഏ.ഡി. 638 ഒക്ടോബര്‍ 12-ാം തീയതി അവസാനിച്ചു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.