തിരുവനന്തപുരം: സര്‍ക്കാര്‍ കോളജുകളിലും സ്വകാര്യ നിക്ഷേപത്തിനുള്ള ശുപാര്‍ശയുമായി ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍. സര്‍ക്കാര്‍ സഹായം സര്‍വകലാശാലകള്‍ക്ക് പകുതിയും കോളജുകള്‍ക്ക് 60 ശതമാനമായും ചുരുക്കണം. സര്‍വകലാശാലകളിലെ പി.ജി വിഭാഗങ്ങളിലും സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലും കൂടുതല്‍ സ്വാശ്രയ കോഴ്സുകള്‍ തുടങ്ങാനും ശുപാര്‍ശയുണ്ട്. ഡോ. ശ്യാം ബി. മേനോന്‍ അധ്യക്ഷനായ കമ്മിഷന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.
ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കലാണ് ലക്ഷ്യം. പ്രവേശനം 2031-32ല്‍ 60 ശതമാനവും 2036ല്‍ 75 ശതമാനവുമാക്കുകയാണ് ലക്ഷ്യം. അധ്യാപക നിയമനത്തിനായി പി.എസ്.സി മാതൃകയില്‍ ഹയര്‍ എജുക്കേഷന്‍ സര്‍വീസ് കമ്മിഷന്‍ രൂപവല്‍ക്കരിക്കണം. നടത്തിപ്പുചെലവിന്റെ 25-35 ശതമാനം തുക വിദ്യാര്‍ഥികളുടെ ഫീസില്‍ നിന്നാവണം. 10-30 ശതമാനം മറ്റു സ്രോതസുകളിലൂടെ കണ്ടെത്തണം. സ്വകാര്യസംഭാവന സ്വീകരിച്ചു പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കാം എന്നിവയും ശുപാര്‍ശയില്‍ ഉണ്ട്.
സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ പ്രത്യേക ബില്ലു പാസാക്കണം. കല്‍പിത സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനേക്കാള്‍ സമ്പൂര്‍ണ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതു പ്രോത്സാഹിപ്പിക്കുകയാണ് ഉചിതം.
പരമ്പരാഗത കോഴ്സുകള്‍ക്കുള്ള ഫീസ് കൂട്ടാതെ മുന്നോട്ടു പോവാനാവില്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഫീസിളവു നല്‍കാം. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നൂറു ശതമാനം ഇളവുനല്‍കണം. ട്യൂഷന്‍ ഫീസിളവിന് ആറു ലക്ഷം വാര്‍ഷികവരുമാനപരിധി നിശ്ചയിക്കണം.
ആറു മുതല്‍ പത്തുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മൂന്നു സ്ലാബുകളിലായി ഫീസ് ഇളവ് നല്‍കാം. പത്തു ലക്ഷത്തിലേറെ വരുമാനം ഉള്ളവരുടെ മക്കള്‍ക്ക് ഫീസിളവു നല്‍കേണ്ടതില്ലെന്നും ശുപാര്‍ശയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.