ശ്രീലങ്കന്‍ തീരത്ത് ചൈനീസ് നിര്‍മിത പാക്കിസ്ഥാന്‍ യുദ്ധക്കപ്പലിന് അനുമതി; ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്ന് വിലയിരുത്തല്‍

ശ്രീലങ്കന്‍ തീരത്ത് ചൈനീസ് നിര്‍മിത പാക്കിസ്ഥാന്‍ യുദ്ധക്കപ്പലിന് അനുമതി; ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്ന് വിലയിരുത്തല്‍

കൊളംബോ: പാകിസ്ഥാന്‍ നാവികസേനയ്ക്കായി ചൈന നിര്‍മിച്ച യുദ്ധക്കപ്പലിന് ശ്രീലങ്കന്‍ തുറമുഖത്ത് പോര്‍ട്ട് കോള്‍ (നങ്കൂരമിടാന്‍) അനുമതി നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലേക്കുള്ള യാത്രയില്‍ കംബോഡിയന്‍, മലേഷ്യന്‍ നാവികസേനയ്ക്കൊപ്പം അഭ്യാസം നടത്തുന്നതിനിടയിലാണ് കൊളംബോ തുറമുഖ മേഖലയില്‍ പ്രവേശിച്ചത്. ഓഗസ്റ്റ് 12 മുതല്‍ 15 വരെ കപ്പല്‍ ഇവിടെ ഉണ്ടാകുമെന്ന് ചൈനയിലെ ഷാങ്ഹായിലെ കപ്പല്‍ശാലാ അധികൃതര്‍ അറിയിച്ചു.

ഇന്ധനം നിറയ്ക്കുന്നതിനോ ചരക്ക് ഇറക്കുന്നതിനോ അതുമല്ലെങ്കില്‍ യാത്രക്കാരെ കയറ്റിയിറക്കുന്നതിനായോ ആയി ലക്ഷ്യ സ്ഥാനത്തിന് ഇടയിലുള്ള സ്‌റ്റോപ്പുകള്‍ കപ്പല്‍ നിര്‍ത്തുന്നതിനാണ് പോര്‍ട്ട് കോള്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കൊളംബോയില്‍ കപ്പല്‍ പോര്‍ട്ട് കോള്‍ ചെയ്തതിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല.

ചരക്ക് കപ്പലോ, യാത്രാ കപ്പലോ അല്ലാത്തതിനാല്‍ ഇന്ധനം നിറയ്ക്കുന്നതിനായി നിര്‍ത്തുന്നതാകാമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയില്‍ കപ്പല്‍ പോര്‍ട്ട് കോള്‍ ചെയ്യുമോയെന്ന സംശയവും നയതന്ത്ര വിദഗ്ധര്‍ ഉന്നയിക്കുന്നു.

ബംഗ്ലാദേശിലെ ചിറ്റഗോംഗ് പോര്‍ട്ടില്‍ കപ്പല്‍ അടുപ്പിക്കാനായിരുന്നു ആദ്യ ലക്ഷ്യം. പക്ഷെ ബംഗ്ലാദേശ് ഇതിന് അനുമതി നല്‍കിയില്ല. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാതിരിക്കാനാകും പോര്‍ട്ട് കോള്‍ ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നും നയതന്ത്ര വൃത്തങ്ങള്‍ സംശയിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ധന സഹായം ഉള്‍പ്പടെ ഇന്ത്യ നല്‍കിയിരുന്നു. ശ്രീലങ്കയുടെ പുതിയ നടപടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നയതന്ത്ര വിദഗ്ധര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.