വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ച് കൊള്ളുവിൻ (വി.മത്തായി 7/15)
1967 ലാണ് കത്തോലിക്കാസഭയിൽ കരിസ്മാറ്റിക്ക് പ്രാർത്ഥനാ രീതികൾ ആരംഭിക്കുന്നത്. അതെത്തുടർന്ന് കാട്ടുതീ പോലെ കരിസ്മാറ്റിക്ക് പ്രസ്ഥാനം ലോകം മുഴുവൻ വ്യാപിച്ചു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് പ്രാർത്ഥനാ കൂട്ടായ്മകളും, ആയിരക്കണക്കിന് ധ്യാന കേന്ദ്രങ്ങളും, കമ്മ്യൂണിറ്റികളും ആവിർഭവിച്ചു. കേരളത്തിലെ ശാലോം, ഷേക്കിന തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും പോട്ടയിലെ ഡിവൈൻ, അട്ടപ്പാടിയിലെ സെഹിയോൻ, അണക്കരയിലെ മരിയൻ തുടങ്ങിയ ധ്യാനകേന്ദ്രങ്ങളുമെല്ലാം കരിസ്മാറ്റിക്ക് നവീകരണത്തിന്റെ നല്ല ഫലങ്ങളാണ്. കൂടാതെ സിറിൾ ജോൺ, പാപ്പച്ചൻ പള്ളത്ത്, ഇടുക്കി തങ്കച്ചായൻ, ജോസ് കാപ്പിൽ, സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി, ജെയിംസ് കുട്ടി ചമ്പക്കുളം തുടങ്ങിയ പ്രശസ്തരായ വചനപ്രഘോഷകരും, നവജീവൻ തോമസിനെപ്പോലെയുള്ള നൂറുകണക്കിന് ആതുര ശുശ്രൂഷകരും കരിസ്‌മാറ്റിക്ക് നവീകരണത്തിന്റെ നല്ല വശങ്ങളാണ്.
ഇങ്ങനെ ധാരാളം കൂട്ടായ്മകളും, പ്രാർത്ഥനാ ഗ്രൂപ്പുകളും, ധ്യാന കേന്ദ്രങ്ങളും, വചന പ്രഘോഷകരും വർദ്ധിച്ചപ്പോൾ കത്തോലിക്കാസഭ അതിന് നിയതമായ ഘടനയും നിയമാവലിയും നൽകി. വത്തിക്കാന്റെ മേൽനോട്ടത്തിൽ 1993 മുതൽ പ്രവർത്തിച്ചിരുന്ന ഇന്റർനാഷണൽ കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് (ICCRS) ലോകമാസകലമുള്ള കരിസ്മാറ്റിക്ക് നവീകരണ പ്രവർത്തനങ്ങളെ ക്രോഡീകരിക്കാനും അതിനാവശ്യമായ മാർഗനിർദേശങ്ങൾ നല്കാനുമായി പ്രവർത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വ്യക്തമായ ഘടനയോടും മാർഗ നിർദേശങ്ങളോടും കൂടി ഫ്രാൻസിസ് മാർപ്പാപ്പ 2018ൽ പ്രഖ്യാപിച്ച, കരിസ്മാറ്റിക്ക് ഗ്രൂപ്പുകളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംവിധാനമാണ് കാരിസ് ഇന്റർനാഷണൽ. മാർപ്പാപ്പ നേരിട്ട് നിയമിച്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 പേരാണ് ഈ സുപ്രീം കമ്മിറ്റിയിൽ ഉള്ളത്. ഈ കമ്മിറ്റിയിൽ പാലാ കുറവിലങ്ങാട് സ്വദേശി ഷെവലിയാർ സിറിൾ ജോൺ, ദക്ഷിണ കൊറിയയിൽ നിന്നുള്ള ബ്രദർ ജെയിംസ് ഷിൻ എന്നീ രണ്ട് പേർ മാത്രമാണ് ഏഷ്യയിൽ നിന്നുള്ളത്.
അന്തർദേശീയ സമിതി കൂടാതെ, എല്ലാ ഭൂഖണ്ഡങ്ങളിലും (Continental), രാജ്യങ്ങളിലും (Country), റീജിയനുകളിലും (state / province ), രൂപതകളിലും (Diocese) പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ അതാതു സ്ഥലങ്ങളിലെ മെത്രാൻ സമിതികളുടെയോ അല്ലെങ്കിൽ അവർ നിശ്ചയിക്കുന്ന മെത്രാന്മാരുടെയോ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർവീസ് ടീമുകൾ ഉണ്ട്. ഉദാഹരണത്തിന് കെസിബിസി കരിസ്മാറ്റിക്ക് കമ്മീഷന്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമാക്കി കരിസ്മാറ്റിക്ക് കൂട്ടായ്മകളെ ഏകോപിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട സർവീസ് ടീം പ്രവർത്തിക്കുന്നുണ്ട്.
അടുത്ത ഇടയിൽ കേരളത്തിലെ ധ്യാന കേന്ദ്രങ്ങളെയും ചില വചനപ്രഘോഷകരെയും സംബന്ധിച്ച് ഉയർന്ന് വന്ന ആരോപണങ്ങളും അതിന്റെ പേരിൽ അപഹസിക്കപെടുന്ന സഭാ നേതൃത്വത്തെയും മുന്നിൽ കണ്ടു കൊണ്ടാണ് ഇത്രയും കാര്യങ്ങൾ ഞാൻ എഴുതിയത്. ഇപ്പോഴത്തെ കേരളത്തിലെ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ ഒരു ചിത്രം വിവരിച്ചാൽ അവിടെ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ്. ഇത് നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നത് സഭാ നേതൃത്വത്തിന്റെ അശ്രദ്ധ കൊണ്ടു കൂടിയാണ് എന്ന് മറ്റുള്ളവർ ആരോപിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. ചില പ്രായോഗിക നിർദേശങ്ങൾ ഇവിടെ കുറിക്കട്ടെ.
1. വ്യക്തികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രാർത്ഥനാ കൂട്ടായ്മകൾ നിരോധിക്കണം. പകരം ഓരോ ഇടവകയിലും ഇടവക വികാരിമാരുടെ മേൽനോട്ടത്തിൽ പ്രാർത്ഥനാഗ്രൂപ്പുകൾ ആരംഭിക്കണം.
2. വ്യക്തികളോ, സംഘടനകളോ, സന്യാസ സഭകളോ, ട്രസ്റ്റുകളോ നടത്തുന്ന ധ്യാന കേന്ദ്രങ്ങളെ അതാത് രൂപതകളുടെ മേൽനോട്ടത്തിലാക്കുക. ഈ ധ്യാനകേന്ദ്രങ്ങൾ നടത്തുന്നവർക്ക് അത് തുടരാൻ അനുവദിക്കുമ്പോഴും, പൂർണ്ണ നിയന്ത്രണം രൂപതയ്ക്ക് ആയിരിക്കണം.
3. എല്ലാ ധ്യാനകേന്ദ്രങ്ങളും അവരുടെ വാർഷിക കണക്കും റിപ്പോർട്ടും രൂപതാ ഡയറക്ടർ മുഖേന അവരുടെ മെത്രാന്മാർക്ക് സമർപ്പിക്കണം. എല്ലാ രൂപതകളും ഈ റിപ്പോർട്ട് വർഷത്തിലൊരിക്കൽ കെസിബിസി കരിസ്മാറ്റിക്ക് കമ്മീഷന്, കേരള സർവീസ് ടീം മുഖാന്തിരം സമർപ്പിക്കണം.
4. അല്മായരോ, വൈദികരോ, സന്യസ്തരോ ആയ വചന പ്രഘോഷകർക്ക് സംസ്ഥാന തല കരിസ്മാറ്റിക്ക് സർവീസ് ടീമുകളിലൂടെ ആ സംസ്ഥാനത്തെ മെത്രാൻ സമിതികൾ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ (Identity card) നിർബന്ധമാക്കണം. തിരിച്ചറിയൽ കാർഡുകളിൽ അവർ ചെയ്യുന്ന ശുശ്രൂഷകൾ വ്യക്തമായി രേഖപ്പെടുത്തണം.
അതായത് ഒരു വ്യക്തി വചന പ്രഘോഷണം, രോഗശാന്തി, ഗാനശുശ്രൂഷ ഇവ ചെയ്യുന്നെങ്കിൽ അവരുടെ തിരിച്ചറിയൽ കാർഡിൽ ഈ മൂന്ന് കാര്യങ്ങളും രേഖപ്പെടുത്തിയിരിക്കണം.
5 . തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിന് മുൻപ് ഇവർക്ക് ആവശ്യമായ പരിശീലനം നൽകുന്നത് ഉചിതമായിരിക്കും. കെസിബിസി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുമ്പോൾ തന്നെ അവരുടെ ഇടവക വികാരി, സുപ്പീരിയർ തുടങ്ങിയവരുടെ അനുവാദപത്രം കൂടി നിർബന്ധമാക്കണം.
6. സ്വന്തമായി വരുമാനം ഇല്ലാത്ത വചന ശുശ്രൂഷകർക്ക് അവരുടെ യാത്രക്കൂലി, മറ്റ് ചിലവുകൾ ഇവ അവരെ വിളിച്ച ഇടവകയോ, സംഘടനയോ, പ്രാർത്ഥനാഗ്രൂപ്പോ നൽകേണ്ടതാണ്. ഇതിനാവശ്യമായ പണം സ്തോത്രക്കാഴ്ചയിലൂടെ സമാഹരിക്കാവുന്നതാണ്. ചിലവായ തുകയ്ക്ക് ശേഷം മിച്ചം വന്ന തുക ഇടവകയുടെയോ, ധ്യാനകേന്ദ്രത്തിന്റെയോ അക്കൗണ്ടിൽ അടയ്‌ക്കേണ്ടതാണ്. സ്തോത്രക്കാഴ്ചകൾ മുഴുവനായി ധ്യാനഗുരുക്കന്മാർക്കും വചനപ്രഘോഷകർക്കും നൽകുന്ന പതിവ് പരാതികൾക്കിട നൽകും.
7. വി. ഗ്രന്ഥത്തിനും, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്കും വിരുദ്ധമായി സംസാരിക്കുന്നവരെയും, സഭ പഠിപ്പിക്കുന്ന ദൈവശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്നവരെയും ശക്തമായി ശാസിക്കുകയും, നിയന്ത്രിക്കുകയും തിരുത്തുകയും വേണം.
ശക്തമായ അടിത്തറയും സംഘടനാ സംവിധാനവുമുള്ള കത്തോലിക്കാ സഭയ്ക്ക് കരിസ്മാറ്റിക്ക് നവീകരണ രംഗത്തും അച്ചടക്കം കൊണ്ട് വരാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദൈവത്തിന്റെ വചനം വിറ്റ് കാശാക്കുന്നവരും, ആൾ ദൈവങ്ങളും, അത്ഭുത പ്രവർത്തകരും ധാരാളമുള്ള കേരളത്തിൽ കെസിബിസി യും, കരിസ്മാറ്റിക്ക് സർവീസ് ടീമുകളും ഒന്നിച്ചിരുന്ന് കാര്യങ്ങൾ കൃത്യതയോടെ ചെയ്തില്ലെങ്കിൽ സമൂഹ മദ്ധ്യേ, മാധ്യമങ്ങളിൽ, അവമതിക്കപ്പെടുന്നത് ക്രിസ്തുവും അവന്റെ തിരുസഭയുമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.