മനാഗ്വേ: നിക്കരാഗ്വേയില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റം ആരോപിച്ച് മതഗല്‍പ്പ കത്തോലിക്കാ ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിനെ ഒര്‍ട്ടേഗ ഭരണകൂടം വീട്ടുതടങ്കലിലാക്കി. സംഭവത്തില്‍ രാജ്യത്താകമനം പ്രതിഷേധം ഉയരുന്നതിനിടെ ബിഷപ്പ് അല്‍വാരസിനെതിരെ അന്വേഷണം ആരംഭിക്കാനും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടെഗ പൊലീസിന് ഉത്തരവ് നല്‍കി. മൂന്ന് വൈദീകര്‍ക്കും ഏതാനം വിശ്വാസികള്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ട്.
കത്തോലിക്ക സഭക്കെതിരെ ഒര്‍ട്ടേഗ ഭരണകൂടം തുടരുന്ന കിരാത നടപടികളുടെ ഏറ്റവും ഒടിവിലത്തെ ഉദാഹരണമാണിത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അക്രമ സംഘങ്ങളെ കൂട്ടാന്‍ ശ്രമിച്ചു എന്നതാണ് ബിഷപ്പ് അല്‍വാരസിനെതിരെയുള്ള ആരോപണം. തുടര്‍ന്ന് ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മതഗല്‍പ്പയിലെ ചാന്‍സെറിയില്‍ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ബിഷപ് അല്‍വാരെസിനൊപ്പം ആറു വൈദികരും, ഏതാനും വിശ്വാസികളും ഓഗസ്റ്റ് മൂന്ന് മുതല്‍ വീട്ടുതടങ്കലിലാണ്.
കടുത്ത നിരീക്ഷണത്തിലാണ് ഇവര്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്. ബിഷപ്പിനെയും വൈദികരെയും ഓഗസ്റ്റ് അഞ്ചിന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നു പോലീസ് തടഞ്ഞത് വലിയ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ ബിഷപ്പ് തെരുവിറങ്ങി ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസ് വീട്ടുതടങ്കല്‍ ഭേദിച്ച് തെരുവിലിറങ്ങി ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കുന്നു
ഇത് പൊലീസിനെ പ്രകോപിപ്പിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി അക്രമ സംഘങ്ങളെ സംഘടിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്താനും സമാധാനന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നാരോപിച്ച് ബിഷപ്പ് അല്‍വാരസിനെതിരെ അന്ന് വൈകുന്നേരം പൊലീസ് പ്രസ്താവന ഇറക്കി. വീട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പ് നിയമം ലംഘിച്ചാണ് തെരുവിലിറങ്ങിയതെന്നും ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു. കുറ്റാരോപിതരുടെ വീട്ടുതടങ്കല്‍ കുറെക്കൂടി കര്‍ക്കശമാക്കിയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകാര്യത്തിനാണ് താന്‍ അന്വേഷണം നേരിടുന്നതെന്ന് തനിക്കറിയില്ലെന്നും പോലീസ് സ്വന്തം അനുമാനങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഒരു വീഡിയോ പ്രസംഗത്തിലൂടെ ബിഷപ്പ് അല്‍വാരസ് പറഞ്ഞു. ഇവിടെ തങ്ങള്‍ ഒരുമിച്ചാണ്. തങ്ങളുടെ ആന്തരിക ശക്തി ചോര്‍ന്നിട്ടില്ല. ഉത്ഥിതനായ ക്രിസ്തുവില്‍ പ്രതീക്ഷ ഉള്ളതിനാല്‍ തങ്ങള്‍ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസ് തെരുവില്‍ മുട്ട്കുത്തി കൈയ്യുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു
കഴിഞ്ഞ 15 വര്‍ഷങ്ങളായി ഡാനിയല്‍ ഒര്‍ട്ടേഗയാണ് നിക്കാരാഗ്വേ ഭരിക്കുന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ചപ്പോള്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന് 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു.
ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അദ്ദേഹം പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചു. നിക്കരാഗ്വന്‍ ബിഷപ്പുമാരെ അദ്ദേഹം 'ഭീകരവാദികള്‍' എന്നും 'കസക്കിലെ പിശാചുക്കള്‍' എന്നും വിളിച്ചാക്ഷേപിച്ചു. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നും ആരോപിച്ചു.
പ്രതികാര നടപടിയുടെ ഭാഗമായി എട്ട് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ ഒര്‍ട്ടേഗ ഭരണകൂടം അടച്ചുപൂട്ടി. കൃത്യമായ രേഖകള്‍ സര്‍ക്കാരിന്റെ റെഗുലേറ്ററി ഏജന്‍സിക്ക് സമര്‍പ്പിച്ചെങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
വീട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിനെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പള്ളിയിലേക്ക് പോകാന്‍ അനുവദിക്കാതെ പൊലീസ് തടയുന്നു
ബിഷപ്പ് അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയതും കേസ് എടുത്തതുമായ നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ കിരാത നടപടിയെ ലാറ്റിനമേരിക്കന്‍, കരീബിയന്‍ എപ്പിസ്‌കോപ്പല്‍ കൗണ്‍സിലിലെ ബിഷപ്പുമാര്‍, ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ സമ്മേളനങ്ങള്‍, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ അപലപിച്ചു. മനാഗ്വ കത്തീഡ്രലിലെ തീപിടുത്തവും ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും എതിരായ പീഡനങ്ങളും അടക്കം കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 190 ആക്രമണങ്ങള്‍ കത്തോലിക്ക സഭയ്ക്ക് നേരിടേണ്ടി വന്നതായി നിക്കരാഗ്വയിലെ പ്രോ-ട്രാന്‍സ്പരന്‍സി ആന്‍ഡ് ആന്റി കറപ്ഷന്‍ ഒബ്‌സര്‍വേറ്ററി സമാഹരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്...
കരീബിയന്‍ രാജ്യമായ നിക്കാരഗ്വയില്‍ നാല് വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത് 190 അതിക്രമങ്ങള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.