ഐപിഎസ്എഫ് 2022 വൻ വിജയം: ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ചാമ്പ്യന്മാർ; കൊപ്പേൽ റണ്ണേഴ്‌സ് അപ്പ്

ഐപിഎസ്എഫ് 2022 വൻ വിജയം: ഹൂസ്റ്റൺ സെന്റ്‌ ജോസഫ്  ചാമ്പ്യന്മാർ; കൊപ്പേൽ റണ്ണേഴ്‌സ് അപ്പ്

ഓസ്റ്റിൻ: ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സമാപിച്ച ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് വൻവിജയം. ഓഗസ്റ്റ് 5, 6, 7 തീയതികളിലായിരുന്നു ഫെസ്റ്റ്. ചിക്കാഗോ രൂപതയിലെ ടെക്സസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകളാണ് ഈ കായികമേളയിൽ പങ്കെടുത്തത്. റൌണ്ട് റോക്ക് ഇൻഡോർ സ്പോർട്സ് സെന്റർ, റൌണ്ട് റോക്ക് മൾട്ടി പർപ്പസ് കോംപ്ലക്സ് (ഔട്ട്ഡോർ) എന്നീ സ്പോർട്സ് സ്റ്റേഡിയങ്ങൾ വേദികളായി.

250 പോയിന്റ്‌ നേടി ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ഫൊറോനാ ഇടവക ഓവറോൾ ചാമ്പ്യന്മാരായി. 237.5 പോയിന്റോടെ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക റണ്ണേഴ്‌സ് അപ്പും ആയി. ഡിവിഷൻ-ബി യിൽ സാൻ അന്റോണിയോ, മക്കാലൻ പാരീഷുകൾ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങളും നേടി.


ഫെസ്റ്റിന്റെ സമാപനത്തിൽ നടന്ന സമ്മാനദാന ചടങ്ങുകളിൽ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്‌ അധ്യക്ഷത വഹിച്ചു. സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മാതൃക പകർന്നു ആത്മീയ അന്തരീക്ഷത്തിൽ അരങ്ങേറിയ കായികമേളയേയും അത് വിജയമാക്കിയ വിശ്വാസ സമൂഹത്തേയും മാർ അങ്ങാടിയത്ത് പ്രകീർത്തിച്ചു.

ഫാ. കുര്യൻ നെടുവേലിചാലുങ്കൽ (രൂപതാ പ്രൊക്യൂറേറ്റർ), ഓസ്റ്റിൻ ഇടവക വികാരിയും ഓർഗനൈസിങ് ചെയർമാനുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. കെവിൻ മുണ്ടക്കൽ, ജിബി പാറയ്ക്കൽ (മുഖ്യ സ്പോൺസർ, സിഇഓ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു. 


 
ടോം കുന്തറ, സിജോ ജോസ് (ഹൂസ്റ്റൺ കോർഡിനേറ്റേഴ്‌സ്) വിജയികൾക്കും പോൾ സെബാസ്റ്റ്യൻ, കെൻറ് ചേന്നാട് (കൊപ്പേൽ കോർഡിനേറ്റേഴ്‌സ്) എന്നിവർ ചേർന്ന് റണ്ണേഴ്‌സ് അപ്പിനുമുള്ള ട്രോഫികൾ യഥാക്രമം ഏറ്റുവാങ്ങി.

ക്രിക്കറ്റ്, വോളിബോൾ, സോക്കർ, ബാസ്കറ്റ്ബോൾ, വോളിബോൾ, വടംവലി, ടേബിൾ ടെന്നീസ്, ത്രോബോൾ, ഡോഡ്ജ് ബോൾ , ബാറ്റ്മിന്റൺ, ചെസ്, കാരംസ്, ചീട്ടുകളി, നടത്തം, പഞ്ച ഗുസ്തി തുടങ്ങിയ മത്സര ഇനങ്ങൾ വിവിധ കാറ്റഗറികളിൽ നടന്നു. ഫൈനലുകളിലെ വാശിയേറിയ പോരാട്ടം മിക്ക വേദികളേയും ഉത്സവാന്തരീക്ഷമാക്കി. 2600 മത്സരാർഥികളും അയ്യായിരത്തിൽ പരം കാണികളും ഫെസ്റ്റിൽ പങ്കെടുത്തപ്പോൾ ഐപിഎസ്എഫ് 2022, അമേരിക്കൻ മലയാളികളുടെ മെഗാ കായിക മേളയായി മാറി.

വിവിധ ഓർഗനൈസിങ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓസ്റ്റിൻ ഇടവകയുടെ മികവുറ്റ തയാറെടുപ്പും, പങ്കെടുത്ത യുവജനങ്ങളുടെ പ്രാതിനിധ്യവും കായിക മേളയെ വൻ വിജയമാക്കി. സംഘാടകർ ഒരുക്കിയ കേരളീയ വിഭവങ്ങളുടെ ഭക്ഷണശാലകളും ഫെസ്റ്റിന്റെ ആകർഷണമായി. തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റിലും സൌഹൃദ അന്തരീക്ഷത്തിലുമാണ് ഫെസ്റ്റ് മുന്നേറിയത്. അത്യന്തം വാശിയേറിയ നിരവധി മത്സര മുഹൂർത്തങ്ങളും സമ്മാനിച്ചാണ് മൂന്നു ദിവസം നീണ്ട കായിക മേളക്ക് തിരശീല വീണത്.

ഐപിഎസ്എഫ് 2024 നു സെന്റ്. ജോസഫ് ഹൂസ്റ്റൺ ഫൊറോന ആഥിത്യമരുളും. ഇതിന്റെ ഭാഗമായി സമാപന വേദിയിൽ വച്ച് ഫാ.ആന്റോ ആലപ്പാട്ടിൽ നിന്നും ഫാ. ജോണിക്കുട്ടി പുലിശ്ശേരി ഫെസ്റ്റിന്റെ ദീപശിഖ ഏറ്റു വാങ്ങി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.