കോംഗോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് മരിച്ചു: പിന്നില്‍ ഇസ്ലാമിക തീവ്രവാദികള്‍; അക്രമം നടന്നത് അര്‍ധരാത്രി

കോംഗോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് മരിച്ചു: പിന്നില്‍ ഇസ്ലാമിക തീവ്രവാദികള്‍; അക്രമം നടന്നത് അര്‍ധരാത്രി


കിക്വിറ്റ്: ഇസ്ലാമിക തീവ്രവാദം ശക്തമായി നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് മരിച്ചു. കിക്വിറ്റ് രൂപതയിലെ സെന്റ് ജോസഫ് മുള്‍കാസ ഇടവക വികാരിയായ ഫാ. ഗോഡ്‌ഫ്രോയിഡ് പെംബേലെ മാന്‍ഡോനെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി ഇസ്ലാമിക തീവ്രവാദികള്‍ തോക്കിനിരയാക്കിയത്.

കിക്വിറ്റ് ബിഷപ്പ് തിമോത്തി ബോഡികാ മാന്‍സി വൈദികന്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചു. വെടിയേറ്റ ഫാ. പെംബേലെയെ കിന്‍ഹാസയിലെ ഒലിവ് ലെംബേ കാബില ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈദികന്‍ കൊല്ലപ്പെട്ട അന്നു തന്നെ കിക്വിറ്റ് രൂപതയിലെ മറ്റൊരു ദേവാലയത്തില്‍ അക്രമികള്‍ കവര്‍ച്ച നടത്തിയിരുന്നു. തിരുപ്പട്ട സ്വീകരണത്തോടനുബന്ധിച്ച് ഒരു വൈദികന്റെ പ്രഥമ ബലിയര്‍പ്പണത്തിനായി തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കവേ സെന്റ് മുരുംബ ദേവാലയത്തിലാണ് കവര്‍ച്ച നടന്നത്.

ദേവാലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. കിക്വിറ്റ് നഗരത്തിലെ കത്തോലിക്കാ സമൂഹത്തിന്റെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും രാജ്യത്ത് നിലനില്‍ക്കുന്ന ഈ പ്രാകൃത രീതിയെ ശക്തമായി അപലപിക്കുകയാണെന്നും ബിഷപ്പ് തിമോത്തി ബോഡികാ മാന്‍സി പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്ന കോംഗോയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇമ്മാനുവേല്‍ ബുറ്റ്‌സിലി ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.