1. മാർപ്പാപ്പയുടെ നിർദേശങ്ങളെയും കല്പനകളെയും നിരന്തരം ലംഘിക്കുന്നവർ മാർപ്പാപ്പയോടൊപ്പം എന്ന പ്ലക്കാർഡും പിടിച്ച് മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള വിശ്വാസ സംഗമം എന്ന് പറഞ്ഞു വിശ്വാസികളെ കബളിപ്പിച്ച് സഭാ വിരുദ്ധ റാലി നടത്തിയത് എന്ത് വിരോധാഭാസമാണ്?
2. അഞ്ചു ലക്ഷത്തിൽ പരം ഉള്ള വിശ്വാസികളിൽ 6000 പേരെ നിർബന്ധിച്ച് റാലിയിൽ പങ്കെടുപ്പിച്ചാൽ അത് അതിരൂപതയുടെ പ്രക്ഷോഭമാകുമോ? റാലികളിലൂടെയും സമരങ്ങളിലൂടെയും ആണോ ആത്മീയ അവകാശങ്ങൾ നേടേണ്ടത്? സഭയിൽ ഭിന്നത സൃഷ്ടിക്കുന്ന വ്യാജ പ്രവാചകൻമാരെ ഈ റാലിയിലൂടെ വിശ്വാസികൾ തിരിച്ചറിഞ്ഞു.
3. അതിരൂപതയിലെ 400 ൽ പരം വൈദികരിൽ വെറും 67 പേരെ സമ്മർദ്ദം ചെലുത്തി ബ്ലാക്ക് മെയിൽ ചെയ്തു പങ്കെടുപ്പിച്ചാൽ അത് വൈദികരുടെ പ്രതിഷേധമാകുമോ? പങ്കെടുത്ത വൈദികരിൽ പകുതിയിലധികം റിട്ടയർ ചെയ്തവരായിരുന്നു എന്നതാണ് യാഥാർഥ്യം. ഇത് വൈദികരുടെ മുഴുവൻ അഭിപ്രായമാണോ?
4. എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും റാലിയിൽ പങ്കെടുക്കാതെ സഭയോടൊപ്പം നില കൊണ്ടു. ഈ വൈദികരുടെയൊപ്പം നിന്നുകൊണ്ട് ഏകീകൃത കുർബാനയർപ്പിക്കാൻ വിശ്വാസികൾ മുന്നോട്ട് വരണം.
5 .സഭാവിരുദ്ധ റാലിയിൽ പങ്കെടുത്ത പ്രിയപ്പെട്ട കർമലീത്താ കന്യാസ്ത്രീകളെ, നിങ്ങൾ സഭക്ക് വേണ്ടി പോരാടിയ വി. ചാവറയാച്ചനെ മറന്നു പോയോ? എഫ്.സി.സി, എസ്.എ.ബി.എസ്,സി.എസ്.എൻ.എസ്.ഡി എന്നീ സന്യാസ സഭകളിലെ കന്യാസ്ത്രീകൾ സഭാവിരുദ്ധ റാലിയിൽ പങ്കെടുത്ത് പരിശുദ്ധ സിംഹാസനത്തെ ധിക്കരിക്കാൻ തുടങ്ങിയാൽ അവരുടെ സന്യാസത്തിന്റെ അർത്ഥമെന്താണ്? ഇവരുടെ സുപ്പീരിയർ ജനറൽമാർ സഭാവിരുദ്ധ റാലിയിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. എന്ത് സന്ദേശമാണ് ഇതിലൂടെ നിങ്ങൾ വിശ്വാസികൾക്ക് നൽകുന്നത്?അനുസരണമില്ലാത്ത വൈദികരുടെ സമ്മർദ്ദത്തിൽ പെട്ട് സഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ നിയമാവലിയിൽ ഉണ്ടോ?
6. സഭാവിരുദ്ധ റാലിയിൽ പങ്കെടുത്ത കന്യാസ്ത്രീകളുടെ സന്യാസത്തിന്റെ സമഗ്രതയെ വിശ്വാസികൾ ചോദ്യം ചെയ്താൽ എന്ത് പറയാൻ സാധിക്കും? ഇങ്ങനെയുള്ള സന്യാസ സഭകളിലേക്ക് മക്കളെ അയക്കാൻ വിശ്വാസികൾ രണ്ടു തവണ ചിന്തിക്കണം.
7. സഭയോടൊപ്പം നില കൊണ്ട പുരുഷ സന്യാസികളെ വിശ്വാസികൾ അഭിനന്ദിക്കുന്നു. നിങ്ങളാണ് യഥാർത്ഥ സന്യാസികൾ എന്ന് പറയുന്നതിൽ അഭിമാനമുണ്ട്.
8 .എറണാകുളം അങ്കമാലി അതിരൂപതയിൽ സഭ നിഷ്ക്കർഷിക്കുന്ന പരിശുദ്ധ കുർബാന ഇടവകകളിലും സന്യാസ ഭവനങ്ങളിലും അർപ്പിക്കാൻ മുൻകൈ എടുക്കേണ്ടത് ആദ്യം സന്യാസിനീ-സന്യാസികളാണ് എന്ന കാര്യം ഓർമ്മിപ്പിക്കട്ടെ.
9 .വേലി തന്നെ വിളവ് തിന്നാൽ എങ്ങനെ? സഭാവിരുദ്ധ റാലി യുവജനങ്ങളുടെ ഇടയിലും വേദപാഠം പഠിക്കുന്ന കുഞ്ഞു മക്കളുടെ ഹൃദയങ്ങളിലും ഏൽപ്പിച്ച മുറിവുകൾ ഉണക്കാൻ സാധിക്കുമോ?
10. ഇനിയും നിസ്സംഗരായിരിക്കാതെ ഭിന്നതകൾ മാറ്റിവച്ച് സഭയോടൊപ്പം, മാർപ്പാപ്പയോടൊപ്പം നിലകൊണ്ട് ഒന്നായി മുന്നോട്ടു പോകാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഓരോ വിശ്വാസിയോടും അഭ്യർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പള്ളി
(ലേഖകൻ സിറോമലബാർ അൽമായ ഫോറം സെക്രട്ടറിയാണ്)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.