ഹോങ്കോങ്: ദേശീയ സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് ഹോങ്കോങ്ങില്‍ അറസ്റ്റിലായ കര്‍ദിനാള്‍ ജോസഫ് സെന്നിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കും. അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും രണ്ടു മാസങ്ങള്‍ക്കു ശേഷവും 90 വയസുകാരനായ കര്‍ദിനാള്‍ നിയമക്കുരുക്കില്‍നിന്നു മോചിതനായിരുന്നില്ല.
സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ അഞ്ചു ദിവസമാണ് വിചാരണ നിശ്ചയിച്ചിരിക്കുന്നതെന്ന് മജിസ്ട്രേറ്റിനെ ഉദ്ധരിച്ച് ഹോങ്കോംഗ് ഫ്രീ പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യയില്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രാന്മാരിലൊരാളാണ് കര്‍ദിനാള്‍ സെന്‍. സര്‍ക്കാര്‍ നിരോധിച്ച ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട് എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് വിദേശശക്തികളുമായി ഒത്തുകളിച്ചു എന്ന ആരോപണത്തിലാണ് കര്‍ദ്ദിനാള്‍ അടക്കം അഞ്ചു പേരെ മെയ് 11 ന് ഹോങ്കോങ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ദിനാളിനൊപ്പം ഗായകനും നടനുമായ ഡെനിസ് ഹോ, മുന്‍ നിയമസഭാംഗമായ മാര്‍ഗരറ്റ് എന്‍ജി, ഡോ. ഹുയി പോ ക്യൂങ് എന്നിവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം പോലീസ് സ്‌റ്റേഷനില്‍നിന്ന് എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചു.
മതസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന കര്‍ദിനാള്‍ സെന്‍ ചൈനീസ് സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമാണ്. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കും നിയമ, സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന സംഘടനയാണ് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്. കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ള സംഘടനയുടെ ഭാരവാഹികളാണ് അറസ്റ്റിലായത്. നിരോധനത്തെതുടര്‍ന്ന് സംഘടന പിരിച്ചുവിട്ടിരുന്നു.
മെയ് മാസത്തില്‍ കോടതിയില്‍ ഹാജരായതിന് ശേഷം കര്‍ദിനാള്‍ സെന്‍ കുര്‍ബാന അര്‍പ്പിക്കുകയും പീഡനം നേരിടുന്ന ചൈനയിലെ കത്തോലിക്കര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
'നമ്മുടെ സഭയില്‍ രക്തസാക്ഷിത്വം സാധാരണമാണ്. നമ്മുടെ വിശ്വാസത്തോടുള്ള വിശ്വസ്തതയ്ക്കായി കുറച്ച് വേദനയും സഹനവും അനുഭവിക്കേണ്ടി വരുമെന്നായിരുന്നു നിയമ നടപടികളോടുള്ള കര്‍ദിനാളിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.