റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്: പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്: പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനവുമായി ബന്ധപ്പെട്ട
നിര്‍ണായ രേഖകള്‍ പുറത്ത്. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള സ്‌കോര്‍ പോയിന്റില്‍ ഏറ്റവും കുറവ് ലഭിച്ചത് പ്രിയ വര്‍ഗീസിനെന്നാണ് വിവരാവകാശ രേഖ. ഉയര്‍ന്ന റിസര്‍ച്ച് സ്‌കോര്‍ പോയിന്റുള്ളവരെ മറികടന്നാണ് പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നാണ് കണ്ടെത്തല്‍.

കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചതിന് പിന്നിലെ ക്രമവിരുദ്ധ നീക്ക ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് വിവരാവകാശ രേഖ.

തസ്തികയിലേക്ക് അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടത് ആറു പേരാണ്. ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള പ്രിയ വര്‍ഗീസിന്റെ സ്‌കോര്‍ 156. എന്നാല്‍ അഭിമുഖത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജോസഫ് സ്‌കറിയ്ക്ക് ഇന്റര്‍വ്യു ബോര്‍ഡ് നല്‍കിയത് 30 മാര്‍ക്ക്. പ്രിയ വര്‍ഗീസിന് ഏറ്റവും ഉയര്‍ന്ന സ്‌കോറായ 32 മാര്‍ക്കും ലഭിച്ചു. ഉയര്‍ന്ന റിസര്‍ച്ച് സ്‌കോര്‍ പോയിന്റുള്ളവരെ ഇന്റര്‍വ്യൂവിന് കുറവ് മാര്‍ക്കിട്ട് പിന്തള്ളിയെന്ന ആരോപണത്തിന് ബലം പകരുന്നതാണ് പുറത്ത് വന്ന തെളിവ്.

ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപന പരിചയമായി പരിഗണിച്ചുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രിയ വര്‍ഗീസിന് നിയമനം ഉറപ്പാക്കാന്‍ വൈസ് ചാന്‍സിലറും സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് അട്ടിമറി നടത്തിയെന്നാണ് ആരോപണം. വിവരാവകാശ രേഖ സഹിതം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.