നിക്കരാഗ്വയില്‍ സായുധ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ് മുട്ടുകുത്തി കരുണയ്ക്കായി യാചിക്കുന്നു
മനാഗ്വേ: നിക്കരാഗ്വയില്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ ഭരണകൂടം വീട്ടുതടങ്കലിലാക്കിയ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ഈ പശ്ചാത്തലത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തുടനീളമുള്ള ഇടവകകളില്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനയുടെയും ദിവ്യകാരുണ്യ ആരാധനയുടെയും ദിനം ആചരിച്ചു. ആഗസ്റ്റ് 7-15 തീയതികളില്‍ നടന്നുവരുന്ന ദേശീയ മരിയന്‍ കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് പ്രാര്‍ത്ഥനാ ദിനാചരണം നടത്തിയത്.
വീട്ടുതടങ്കലില്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയുന്ന മതഗല്‍പ്പ ബിഷപ്പ് അല്‍വാരസിന്റെ വിധി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കത്തോലിക്ക സഭക്കെതിരെ ഒര്‍ട്ടേഗ ഭരണകൂടം തുടരുന്ന കിരാത നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പിന്റെ അറസ്റ്റ്. ബിഷപ് അല്‍വാരെസിനൊപ്പം ആറു വൈദികരും ഏതാനും വിശ്വാസികളും ഓഗസ്റ്റ് മൂന്ന് മുതല്‍ വീട്ടുതടങ്കലിലാണ്.
രാജ്യത്തെ കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയത്. ഒരു കൂട്ടം സായുധ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വളയുമ്പോള്‍ ബിഷപ്പ് അല്‍വാരസ് മുട്ടുകുത്തി കരുണയ്ക്കായി യാചിക്കുന്ന ചിത്രം ലോകമെമ്പാടും വൈറലായിരുന്നു.
ആഗസ്റ്റ് നാലിന് ബിഷപ്പ് അല്‍വാരസിനെയും ആറ് വൈദികരെയും ദിവ്യബലി അര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കുകയും ഇടവക വസതിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. സര്‍ക്കാരിക്കെതിരെ അക്രമം നടത്താനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിഷപ്പ് അല്‍വാരസിനെ അധികാരികള്‍ തടവിലാക്കിയിരിക്കുന്നത്. കടുത്ത നിരീക്ഷണത്തിലാണ് ഇവര്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്.
മെത്രാന്മാരെയും വൈദികരെയും വേട്ടയാടുന്നത് ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ക്കും സഭാ നേതൃത്വങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ക്കും കത്തോലിക്കാ സഭ ഇപ്പോഴും ഇരയാക്കപ്പെടുകയാണ്. ആഗസ്റ്റ് നാലിന് ബിഷപ്പ് അല്‍വാരെസിന്റെ അറസ്റ്റിന് ശേഷം, മറ്റൊരു കത്തോലിക്കാ റേഡിയോ സ്റ്റേഷനും നൂറോളം എന്‍.ജി.ഒകളും അടച്ചുപൂട്ടിയ ഗവണ്‍മെന്റ് രാജ്യത്തിനകത്ത് കത്തോലിക്കാ ശബ്ദത്തെ നിശബ്ദമാക്കുകയാണ്.
ബിഷപ്പിന്റെ അറസ്റ്റില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. പല മനുഷ്യാവകാശ സംഘടനകളും സഭയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും അറസ്റ്റിനെ അപലപിച്ചു. ലാറ്റിന്‍ അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ നിക്കരാഗ്വ സഭയോടും അറസ്റ്റിലായവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26