ഗുജറാത്തില്‍ ചര്‍മ മുഴ രോഗം ബാധിച്ച് കന്നുകാലികള്‍ ചത്തുവീഴുന്നു; സംസ്ഥാനം പാല്‍ക്ഷാമത്തിലേക്ക്

ഗുജറാത്തില്‍ ചര്‍മ മുഴ രോഗം ബാധിച്ച് കന്നുകാലികള്‍ ചത്തുവീഴുന്നു; സംസ്ഥാനം പാല്‍ക്ഷാമത്തിലേക്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ചര്‍മ മുഴ രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെ എണ്ണം 3,268 ആയി. ഇന്നു മാത്രം 108 കന്നുകാലികള്‍ ചത്തു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്നു 109 പുതിയ ഗ്രാമങ്ങളില്‍ വൈറസ് പടര്‍ന്നു. ഇതോടെ 23 ജില്ലകളിലായി മൊത്തം രോഗബാധിത ഗ്രാമങ്ങളുടെ എണ്ണം 3,775 ആയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 86,000 കന്നുകാലികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. സജീവ കേസുകള്‍ 22,218 ആണ്. 37.25 ലക്ഷം കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്്പ് നല്‍കിയിട്ടുണ്ട്. പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മമുഴ രോഗ സാധ്യതയുള്ളത്. പാലുല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയും കുറയുന്നതിന് രോഗം കാരണമാകും.

കാപ്രിപോക്സ് വൈറസ് ഇനത്തിലെ എല്‍എസ്ഡി വൈറസുകളാണ് രോഗത്തിനു കാരണമാകുന്നത്. രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളായ കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍ തുടങ്ങിയാണു വൈറസുകളെ പടര്‍ത്തുന്നത്.

രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍ നിന്ന് കിടാവിലേക്കു പാല്‍ വഴിയും രോഗം പകരാന്‍ സാധ്യതയുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരും. 1949 ല്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം 80 ലക്ഷത്തിലധികം കന്നുകാലികളെ ബാധിച്ച രോഗം ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത് 2019 ഓഗസ്റ്റില്‍ ഒഡീഷയിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.