നൈറോബി: അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കെനിയയുടെ പുതിയ പ്രസിഡന്റായി നിലവിലെ ഡെപ്യൂട്ടി പ്രസിഡന്റുകൂടിയായ വില്യം റുതോ വിജയിച്ചു. വാശിയേറിയ തിരഞ്ഞെടുപ്പില്‍ എതിരാളി റെയ് ല ഒഡിംങ്കയെ 1.46 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റുതോ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്തതില്‍ 50.49 ശതമാനം വോട്ട് വില്യം റുതോയും 48.85 ശതമാനം വോട്ട് റെയ് ല ഒഡിംങ്കയും നേടി. അതായത് വില്യം റുതോ 7.1 ദശലക്ഷം വോട്ടും റെയ് ല ഒഡിംങ്ക 6.9 ദശലക്ഷം വോട്ടും കിട്ടി.
അതേസമയം ഫലപ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ തന്നെ രംഗത്ത് വന്നത് നാട്ടില്‍ സംഘര്‍ഷ സാധ്യതകള്‍ക്ക് കളമൊരുക്കി. ഡെപ്യൂട്ടി ചെയര്‍മാന്‍ ഉള്‍പ്പടെ മുതിര്‍ന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ നടപടികളെ അപലപിക്കുകയും ഫലം നിരസിക്കുകയും ചെയ്തു. പ്രഖ്യാപിക്കുന്ന ഫലങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍ ജൂലിയാന ചെരേര പറഞ്ഞത്. വോട്ട് തട്ടിപ്പ് നടന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
പ്രതികാരത്തിന് ഇടമില്ലെന്നും നമ്മുടെ രാജ്യത്തിന് എല്ലാ കൈകളും ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തിലാണെന്ന് തനിക്ക് നന്നായി അറിയാമെന്നും വില്യം റുതോ ആദ്യ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ നേതാക്കളുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും 55-കാരനായ റുതോ പറഞ്ഞു.
ഇന്‍ഡിപെന്‍ഡന്റ് ഇലക്ടറല്‍ ആന്‍ഡ് ബൗന്‍ഡറീസ് കമ്മീഷന്‍ (ഐഇബിസി) ഫല പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തട്ടിപ്പ് നടന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. നുഴഞ്ഞുകയറിയ ചിലര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംവിധാനത്തെ ഹാക്ക് ചെയ്‌തെന്നും കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഒഡിംങ്കയുടെ ഇലക്ഷന്‍ ഏജന്റ് സൈതാബോ ഒലെ കന്‍ചോരി ആരോപിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും കന്‍ചോരി ആവശ്യപ്പെട്ടു.
2007ലെയും 2017ലെയും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യം സാക്ഷ്യം വഹിച്ചത് പോലെ വോട്ട് തട്ടിപ്പ് ആരോപണങ്ങള്‍ നിയമപരമായ വെല്ലുവിളികളിലേക്കോ വലിയ അക്രമത്തിലേക്കോ നയിച്ചേക്കാമെന്ന ഭയം പെട്ടെന്നുള്ള പ്രഖ്യാപനത്തിന് കാരണമായി. പരാതികള്‍ തെരുവില്‍ വലിച്ചിഴയ്ക്കാതെ കോടതിയില്‍ എത്തിക്കാന്‍ ജൂലിയാന ചെരേര ആഹ്വാനം ചെയ്തു.
ഫലപ്രഖ്യാപനത്തിന് ശേഷം ചില അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഒരു പ്രദേശത്ത്, പ്രതിഷേധക്കാര്‍ ഒത്തുകൂടുകയും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയും ടയറുകള്‍ക്ക് തീയിടുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. അതേസമയം കയോള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ വിജയാഘോഷങ്ങളും നടന്നു.
താഴേതട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന റുതോയെ അനുയായികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. കെനിയയുടെ അടിസ്ഥാന വിഭാഗത്തിന്റെ ശാക്തീകരണത്തിന് റുതോ ആവുന്നത് ചെയ്യുമെന്ന് നെയ്റോബിയിലെ തൊഴിലാളിയായ 36 കാരിയായ മിറിയം വാംഗേസി കരുഗ പറഞ്ഞു. വഴിയരികില്‍ കോഴികളെ വില്‍ക്കുന്ന ജോലിയില്‍ നിന്ന് തുടങ്ങിയതാണ് റുതോയുടെ ജീവിതം.
ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ കെനിയയില്‍ മൊത്തം ജനസംഖ്യയുടെ 85.52 ശതമാനം ആളുകളും ക്രിസ്തുമത വിശ്വാസികളാണ്. 10.91 ശതമാനം ആളുകള്‍ ഇസ്ലാം മതവിശ്വാസികളും ശേഷിക്കുന്നവര്‍ ബഹായി, ബുദ്ധമതം, ഹിന്ദുമതം, ഗോത്ര മതങ്ങള്‍ എന്നിവയില്‍ വിശ്വസിക്കുന്നവരുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.