ലെബനന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ശേഷം മകനില്‍ പ്രകടമായ മാറ്റമുണ്ടായെന്നും മാതാവ്.
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കിലെ ഒരു പൊതു ചടങ്ങില്‍ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച അക്രമി ഹാദി മതാറിനെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി അമ്മ. ലെബനന്‍ വംശജനായ ഹാദി മതാര്‍ ലെബനന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ശേഷം അവനില്‍ പ്രകടമായ മാറ്റമുണ്ടായെന്ന് മാതാവ് സില്‍വാന ഫര്‍ദോസ് ഡെയ്‌ലി മെയിലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭര്‍ത്താവുമായി പിരിഞ്ഞ് ന്യൂജഴ്‌സിയില്‍ താമസിക്കുന്ന സില്‍വാന ഫര്‍ദോസുമായി ഏറെ നാളായി മകന്‍ നല്ല ബന്ധത്തിലായിരുന്നില്ല. മത പഠനത്തില്‍ തുടരാന്‍ അനുവദിക്കാതെ വിദ്യാഭ്യാസം നല്‍കിയതില്‍ ഹാദി മതാര്‍ ആകെ അസ്വസ്ഥനായിരുന്നു. ഇതിന്റെ പേരില്‍ ഇരുപത്തിനാലുകാരനായ യുവാവ് മാതാവിനോട് കലഹിക്കുന്നതും പതിവാക്കിയിരുന്നു.
ചെറുപ്പം മുതല്‍ താന്‍ മകനെ ഇസ്ലാമിലേക്ക് പരിചയപ്പെടുത്താത്തതില്‍ അവന്് ദേഷ്യം ഉണ്ടായിരുന്നുവെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെ മാസങ്ങളോളം മതാര്‍ മാതാവിനോടോ സഹോദരങ്ങളോടോ മിണ്ടാറില്ലായിരുന്നു. പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന അന്തര്‍മുഖനായിരുന്നു തന്റെ മകനെന്നും മാതാവ് സില്‍വാന ഫര്‍ദോസ് പറയുന്നു.
എഴുപത്തഞ്ചുകാരനായ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചതിന് പിന്നാലെ സംഭവ സ്ഥലത്ത് വെച്ചാണ് മാതാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഒരു സാഹിത്യ പരിപാടിക്കിടെ വേദിയില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റുഷ്ദിയുടെ കഴുത്തിനും വയറിനും കുത്തേറ്റത്. കൊലപാതക ശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്രമി ഇപ്പോഴും പൊലീസിന്റെ കസ്റ്റഡിയിലാണ്.
'സാത്താനിക് വേഴ്‌സസ്'
എന്ന വിവാദ നോവലിന്റെ പേരില്‍ കഴിഞ്ഞ 33 വര്‍ഷമായി മുസ്ലീം മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന സാഹിത്യകാരനാണ് റുഷ്ദി. ഇറാനിലെ പരമോന്നത മത നേതാവായിരുന്ന ആയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കാന്‍ 34 വര്‍ഷം മുന്‍പ് ഫത്വ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം അദ്ദേഹം ഒളിവിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.