യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം; ലോണ്‍ ആപ്പില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി കേരള പൊലീസ്

യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം; ലോണ്‍ ആപ്പില്‍ പതിയിരിക്കുന്ന ചതിക്കുഴികള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി കേരള പൊലീസ്

തൃശൂര്‍: ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളുടെ പുതിയ തട്ടിപ്പിനെതിരെ ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്. സ്വന്തം ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിക്കപ്പെട്ടുവെന്ന പരാതിയുമായെത്തിയ യുവതിയുടെ അനുഭവം വിശദമാക്കിക്കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംസ്ഥാന പൊലീസ് തന്നെയാണ് തട്ടിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിക്കപ്പെട്ടുവെന്ന പരാതിയുമായാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി കാര്യം പറയാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടപെട്ട് ധൈര്യം പകരുകയായിരുന്നു. യുവതി സംഭവം വിശദമാക്കിയതോടെ വന്‍ തട്ടിപ്പിന്റെ കഥയാണ് ചുരുളഴിഞ്ഞത്.

പൊലീസ് ഓഫീസര്‍ യുവതിയെ സമാധാനിപ്പിച്ചു. അവരുടെ മൊബൈല്‍ ഫോണ്‍ ഒന്നുകൂടി പരിശോധിച്ചു. അവരുടെ മോര്‍ഫ് ചെയ്ത ചിത്രം വിദഗ്ദമായ സൈബര്‍ പരിശോധനക്ക് വിധേയമാക്കി. ആരെയെങ്കിലും സംശയമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു യുവതിയുടെ മറുപടി.

തനിക്ക് അങ്ങനെ ആരെയും സംശയമില്ല. പക്ഷേ, ഈ ഫോട്ടോ നോക്കൂ. യുവതി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന മറ്റൊരു ഫോട്ടോ കാണിച്ചു. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയിരുന്നു അത്. പൊലീസ് ഓഫീസര്‍ ആ ഫോട്ടോയില്‍ ഉള്ളവര്‍ ആരെല്ലാമാണെന്ന് യുവതിയോട് ചോദിച്ചു. അതില്‍ സഹപ്രവര്‍ത്തകനായ ഒരു യുവാവും ഉണ്ടായിരുന്നു. ഓഫീസിലെ വിശേഷ ദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാല്‍ വിവിധ ഗ്രൂപ്പുകളിലും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു.

പൊലീസ് ഓഫീസര്‍ക്ക് സംശയം തോന്നിയതിനാല്‍ ഫോട്ടോയില്‍ കാണപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി. അയാളുടെ മൊബൈല്‍ ഫോണും സൈബര്‍ പരിശോധനക്ക് വിധേയമാക്കി. മാത്രവുമല്ല, അയാളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കൂടെ ജോലി ചെയ്യുന്നവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അയാളെ ന്നും ഇത്തരത്തില്‍, ഒരു ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ യാതൊരു സംഭവങ്ങളും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി.

പിന്നീട് ഉദ്യോഗസ്ഥര്‍ ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ വിദഗ്ദമായി പരിശോധിച്ചു. തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ഫോണില്‍ ഒരു ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പണത്തിന്റെ അത്യാവശ്യം വന്നപ്പോള്‍ അയാള്‍ ലോണ്‍ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം രൂപ ലോണ്‍ എടുത്തിരുന്നു. പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു.

അതേസമയം ലോണ്‍ ആപ്പ് കമ്പനിക്കാര്‍ പണം ലഭിച്ചില്ലെന്നും വീണ്ടും തുക അടക്കണമെന്നും ഭീഷണി മുഴക്കി. എന്നാല്‍ കണക്കു സഹിതം സമര്‍ത്ഥിച്ചിട്ടും അവരുടെ ഭീഷണി വര്‍ധിച്ചപ്പോള്‍ അയാള്‍ ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. പിന്നീട് അവര്‍ മറ്റ് നമ്പറുകളില്‍ നിന്നും വിളിച്ച് ഭീഷണി മുഴക്കി. കമ്പനി അയാളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ച ഇംഗ്ലീഷിലുള്ള ഒരു സന്ദേശം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ലോണ്‍ ലഭിക്കുന്നതിന് വ്യക്തിയുടെ സെല്‍ഫി ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ആവശ്യപ്പെടും. ഇതെല്ലാം നല്‍കിയാല്‍ മാത്രമേ ലോണ്‍ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെടുകയുള്ളൂ. അതും ലോണ്‍ തുകയില്‍ നിന്നും വലിയൊരു തുക പിടിച്ചതിനു ശേഷം.

കൃത്യമായി ലോണ്‍ തിരിച്ചടച്ചാലും അത് ലോണ്‍ ആപ്പില്‍ വരവു വെക്കില്ല. ലോണ്‍ തുക മുടങ്ങി എന്ന പേരില്‍ അവര്‍ വീണ്ടും പണവും പലിശയും ആവശ്യപ്പെടും. അങ്ങനെ ജനങ്ങളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇത്തരം കമ്പനികളുടെ രീതി. ഇതില്‍ ഏറ്റവും പുതിയ തട്ടിപ്പു രീതിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

തട്ടിപ്പിന്റെ രീതി ഇങ്ങനെ, ലോണ്‍ വാങ്ങിയ ആളുടെ കോണ്‍ടാക്ട് ലിസ്റ്റ് ഉപയോഗിച്ച് അതിലെ സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നു. ലോണ്‍ വാങ്ങിയ ആളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള മറ്റൊരു വ്യക്തിയുടെ ചിത്രമായിരിക്കും മോര്‍ഫ് ചെയ്യുന്നത്. അതിനു ശേഷം മോര്‍ഫ് ചെയ്ത ചിത്രം ലോണ്‍ എടുത്തയാള്‍ക്കും കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആള്‍ക്കും അയച്ചു കൊടുക്കും. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും.

ഉപയോക്താവ് ലോണ്‍ തുക തിരിച്ചടക്കാതാവുന്നതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മിക്കവാറും ഫേക്ക് ഐഡികളില്‍ നിന്നും വ്യാജമായി സൃഷ്ടിച്ച വാട്സ് ആപ്പ് നമ്പറുകളില്‍ നിന്നുമായിരിക്കും ഇത്തരക്കാര്‍ മെസേജുകള്‍ അയക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവര്‍ നാണക്കേട് ഓര്‍ത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.

യുവതിക്കും അവരുടെ കൂടെ ജോലി ചെയ്തിരുന്ന യുവാവിനും ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുത്തു. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം സൈബര്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.