വത്തിക്കാന്‍ സിറ്റി: ദൈവസ്‌നേഹത്താല്‍ നമ്മെ ഊഷ്മളമാക്കുകയും സ്വാര്‍ത്ഥത എരിച്ചുകളയുകയും മറ്റുള്ളവരുമായി അവിടുത്തെ സ്‌നേഹം പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അഗ്‌നി പോലെയാണ് സുവിശേഷമെന്ന് ഫ്രാന്‍സിസ് പാപ്പ. വിശ്വാസത്തിന്റെ അഗ്നി നമ്മില്‍ മാറ്റങ്ങള്‍ക്കു പ്രേരിപ്പിക്കുകയും മാനസാന്തരത്തിലേക്കു ക്ഷണിക്കുകയും ചെയ്യുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
ദിവ്യബലി മദ്ധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 49 മുതല്‍ 53 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനു വിധേയമാക്കിയത്. 'ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തി ജ്വലിച്ചിരുന്നെങ്കില്‍!' (ലൂക്കാ 12:49-50) എന്ന് യേശു പറയുന്ന ഭാഗമാണ് പാപ്പ വിശദീകരിച്ചത്.
എന്തുകൊണ്ടാണ് യേശു ഇങ്ങനെ പറയുന്നത്? യേശു ലോകത്തിലേക്ക് സുവിശേഷം കൊണ്ടുവന്നു, നമ്മോട് ഓരോരുത്തരോടുമുള്ള ദൈവസ്‌നേഹത്തിന്റെ സുവാര്‍ത്ത.
സുവിശേഷം ഒരു തീ പോലെയാണെന്ന് അവിടുന്ന് ഓര്‍മിപ്പിക്കുന്നു. കാരണം അത് ചരിത്രത്തിലേക്ക് വിസ്‌ഫോടനം ചെയ്യുമ്പോള്‍, പഴയ ജീവിതരീതികളെ അഗ്‌നിയില്‍ ദഹിപ്പിക്കുന്നു. സ്വാര്‍ത്ഥതയെ അതിജീവിക്കാനും പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് മോചനം നേടി ഉയിര്‍ത്തെഴുന്നേറ്റ യേശുവിനൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കാനും ആഹ്വാനം ചെയ്യുന്നു.
സുവിശേഷം ഒരാളുടെ ഹൃദയത്തില്‍ സജീവമാകുമ്പോള്‍ കാര്യങ്ങള്‍ പഴയപടിയായിരിക്കാന്‍ ഒരിക്കലും അനുവദിക്കില്ല. സുവിശേഷം മാറ്റത്തിന് പ്രചോദനമേകുകയും പരിവര്‍ത്തനത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. നമ്മെ ചലിപ്പിക്കുന്ന ഒരു അസ്വസ്ഥത ജ്വലിപ്പിക്കുന്നു. ദൈവത്തോടും നമ്മുടെ സഹോദരങ്ങളോടും നമ്മെത്തന്നെ തുറന്നുകൊടുക്കാന്‍ പ്രേരിപ്പിക്കുന്നു.
സുവിശേഷം തീ പോലെയാണ്. അത് ദൈവസ്‌നേഹത്താല്‍ നമുക്ക് ചൂടു പകരുമ്പോള്‍, സ്വാര്‍ത്ഥതയെ ദഹിപ്പിക്കാനും ജീവിതത്തിലെ ഇരുണ്ട വശങ്ങളെ പ്രകാശിപ്പിക്കാനും നമ്മെ അടിമകളാക്കുന്ന വ്യാജ വിഗ്രഹങ്ങളെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു.
ബൈബിളിലെ പ്രവാചകന്മാരായ ഏലിയായുടെയും ജെറമിയയുടെയും ചുവടുപിടിച്ച്, യേശു ദൈവസ്‌നേഹാഗ്‌നിയാല്‍ ജ്വലിച്ചു. അത് ലോകത്തില്‍ ജ്വലിപ്പിക്കാന്‍, അവിടുന്ന് അവസാനം വരെ അതായത്, കുരിശുമരണം വരെ സ്‌നേഹിച്ചുകൊണ്ട് തന്നെത്തന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നു.
കര്‍ത്താവ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞിരിക്കുന്നു. പ്രകാശവും ശക്തിയും നിറഞ്ഞ അഗ്‌നിയോട് ഉപമിക്കപ്പെട്ട പരിശുദ്ധാത്മാവ് ദൈവത്തിന്റെ കരുണാര്‍ദ്രമായ മുഖം അനാവരണം ചെയ്യുന്നു. ജീവിതം നഷ്ടപ്പെട്ടതായി കരുതപ്പെടുന്നവര്‍ക്ക് പ്രത്യാശയേകുന്നു. ഭിന്നിപ്പിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നു. ഹൃദയത്തില്‍ മതാത്മകത നവീകരിക്കപ്പെടുമ്പോള്‍ ശരീരത്തിന്റെയും ആത്മാവിന്റെയും മുറിവുകള്‍ സുഖപ്പെടുന്നു.
യേശുവിന്റെ വചനം വിശ്വാസാഗ്നി വീണ്ടും കൊളുത്താന്‍ നമ്മെ ക്ഷണിക്കുന്നു. വ്യക്തിഗത ക്ഷേമത്തിനുള്ള ഉപാധി എന്നതിലുപരി രാത്രിയില്‍ പോലും ഉണര്‍ന്നിരിക്കാനും ജീവനുള്ള ജ്വാല പോലെ പ്രവര്‍ത്തനനിരതരായിരിക്കാനും ഈ വിശ്വാസാഗ്നി നമ്മെ പ്രാപ്തരാക്കുന്നുവെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
ഉപസംഹാരമായി, സുവിശേഷത്തോട് എത്രമാത്രം അഭിനിവേശമുള്ളവരാണ് നാമെന്ന് സ്വയം ചോദിക്കാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. നിരന്തരം സുവിശേഷം വായിക്കുകയും അത് ഗൗരവമായി എടുക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിപരമായും സഭ എന്ന നിലയിലും നമ്മില്‍ സാക്ഷ്യത്തിന്റെ അഗ്‌നി ജ്വലിപ്പിക്കുന്നു.
ആത്മാവിന്റെ അഗ്‌നി നമ്മുടെ ഉള്ളില്‍ ജ്വലിക്കുന്നതിലൂടെ പ്രാര്‍ത്ഥനയ്ക്കും ദാനധര്‍മ്മത്തിനുമുള്ള അഭിനിവേശം സൃഷ്ടിക്കുന്നതിനൊപ്പം വിശ്വാസത്തിന്റെ സന്തോഷം അനുഭവപ്പെടുന്നുണ്ടോ എന്ന് സ്വയം ചോദിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
സഹോദരീ സഹോദരന്മാരേ നമുക്ക് സ്വയം പരിശോധിക്കാം. അതുവഴി നമുക്കും യേശുവിനെപ്പോലെ ഇപ്രകാരം പറയാന്‍ കഴിയും. ദൈവസ്‌നേഹത്തിന്റെ അഗ്‌നിയാല്‍ നാം ജ്വലിക്കുന്നു. അത് ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നു. അങ്ങനെ പിതാവിന്റെ ആര്‍ദ്രത കണ്ടെത്താനും ഹൃദയത്തെ വിശാലമാക്കുന്ന യേശുവിന്റെ ആനന്ദം അനുഭവിക്കാനും എല്ലാവര്‍ക്കും കഴിയട്ടെ. സുവിശേഷാഗ്നി ഹൃദയത്തെ വിശാലമാക്കുകയും ജീവിതത്തെ മനോഹരമാക്കുകയും ചെയ്യുന്നു. ഇതിനായി നമുക്ക് പരിശുദ്ധ കന്യകയോട് പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാഗ്‌നിയെ സ്വാഗതം ചെയ്ത അമ്മ നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെ എന്ന് പ്രാര്‍ഥിച്ച് പാപ്പ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.