മൂന്നാമതും 'ലാ നിന': ഓസ്‌ട്രേലിയയില്‍ അതിശക്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ്; മൂന്ന് മാസത്തേക്ക് ജാഗ്രത

മൂന്നാമതും 'ലാ നിന': ഓസ്‌ട്രേലിയയില്‍ അതിശക്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ്; മൂന്ന് മാസത്തേക്ക് ജാഗ്രത

മെല്‍ബണ്‍: ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന ലാ നിന പ്രതിഭാസം ഇത്തവണയും ഓസ്‌ട്രേലിയയില്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ലാ നിന ഇത്തവണ കുടുതല്‍ കരുത്തോടെയാകും സംഭവിക്കുമെന്നാണ് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജി പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. വരുന്ന മൂന്ന് മാസത്തേക്ക് അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

പസഫിക് സമുദ്രത്തിലെ ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തില്‍ ചൂട് കൂടിയതുമൊക്കെ ബാഷ്പീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഓസ്‌ട്രേലിയയുടെ കിഴക്ക്, മധ്യ ഭാഗങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഴയിലേക്ക് നയിച്ചേക്കാമെന്നാണ് നിരീക്ഷണം. കനത്തമഴയ്ക്കുള്ള സാധ്യത 70 ശതമാനവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നെഗറ്റീവ് ഡൈപോളും കനത്ത മഴയുടെ സൂചനയായി വിലയിരുത്തുന്നു.

സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കനത്ത മഴ പ്രവചിക്കുന്നത്. ഓസ്ട്രേലിയന്‍ മെയിന്‍ ലാന്റിന്റെ കിഴക്കന്‍ മേഖലയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് ഇവിടെ നദികള്‍ നിറഞ്ഞൊഴുക്കുന്ന അവസ്ഥയിലാണ്. അണക്കെട്ടുകളും നിറഞ്ഞു. മഴ ശക്തമാകുന്ന സാഹചര്യം ഉണ്ടായാല്‍ വലിയ പ്രളയത്തെയാകും മേഖല നേരിടേണ്ടി വരിക.



2020 മുതല്‍ കിഴക്കന്‍ ഓസ്ട്രേലിയയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ഈര്‍പ്പം നിലനില്‍ക്കുന്നു. 30 വര്‍ഷത്തിനിടെ സിഡ്നിയില്‍ ഏറ്റവും ഈര്‍പ്പമുള്ള വേനല്‍ക്കാലം രേഖപ്പെടുത്തിയത് ഈ വര്‍ഷമാണ്. ഇന്ത്യന്‍ സമുദ്രത്തില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇത് വേനക്കാലത്തിന്റെ അവസാനം വരെ നീളുമെന്നും മുന്നറിയിപ്പുണ്ട്.

ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷം തന്നെ മൂന്ന് പ്രധാന വെള്ളപ്പൊക്കങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. 18 പേരുടെ ജീവന്‍ അപഹരിച്ച ക്വീന്‍സ് ലാന്‍ഡ്  വെള്ളപ്പൊക്കത്തിന്റെ ദുരനുഭവങ്ങളില്‍ നിന്ന് ആളുകള്‍ മോചിതരായിട്ട് മാസങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളു. അതിനു പിന്നാലെ ഇപ്പോഴുണ്ടായ ലാ നിന മുന്നറിയിപ്പ് ആളുകളെ വലിയ ആശങ്കയിലാക്കി.



ലാ നിന തുടര്‍ച്ചയായി മൂന്നാം തവണയും സംഭവിക്കുന്നത് അദ്യത്തേതും അപൂര്‍വ്വവുമാണെന്ന് മെല്‍ബണ്‍ സര്‍വകലാശാല കലാവസ്ഥാ പഠനവിഭാഗം സീനിയര്‍ ലക്ചറര്‍ ഡോ. ആന്‍ഡ്രൂ കിംഗ് പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ പ്രതിഭാസം മുന്‍പുണ്ടായത്. മൂന്നാമതൊരു ലാ നിന സാധ്യത മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന നനഞ്ഞ കാലാവസ്ഥയുടെ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ലാ നിന സാധ്യത അമേരിക്കയും സ്ഥിരീകരിച്ചു. ലാ നിന സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന് യുഎസ് നാഷണല്‍ ഓഷ്യാനോഗ്രാഫിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. പസഫിക്കിലെ കാലാവസ്ഥാ മാറ്റം ആഫ്രിക്കയിലും അമേരിക്കയിലും കടുത്ത വരള്‍ച്ചയ്ക്ക് കാരണമായതുപോലെ ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കത്തിനും കാരണമാകും. ആഫ്രിക്കയിലെ തണുത്ത കടലും ഓസ്ട്രേലിയയിലെ ചൂടുള്ള കടലുമാണ് ഓസ്ട്രേലിയയില്‍ മഴ പെയ്യുന്നതിലേക്ക് നയിക്കുന്നത്.



വരള്‍ച്ചയില്‍ നിന്ന് വെള്ളപ്പൊക്കത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ പെട്ടന്നുള്ള മാറ്റം പോലെ ആഫ്രിക്കയിലും സമാനമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഡോ. ഫങ്ക് പറഞ്ഞു. 2019 കടുത്ത വേനല്‍ക്കാലവും വലി തീപിടുത്തങ്ങളും അഭിമുഖീകരിച്ച ആഫ്രിക്ക ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും നേരിടേണ്ടിവന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.