കട്ടപ്പന: ഇടുക്കി ജില്ലയെ മുഴുവൻ വനവൽക്കരിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടി ജില്ലയിലെ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും 10 കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2017 ഗ്രീൻ ട്രിബ്യൂണലിന് കർഷക വിരുദ്ധ പരാതി നൽകുകയും കർഷകരും കർഷക സംഘടനകളും ആശങ്കകൾ അറിയിച്ചിട്ടും പരാതിയിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത ആവശ്യപ്പെട്ടു. കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പി.പ്രസാദ് കൃഷി മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. കർഷകർക്കൊപ്പമാണ് ഇടതുപക്ഷ സർക്കാർ എന്ന് നാഴികക്ക് നാല്പതു വട്ടം ആവർത്തിക്കുന്ന മുഖ്യമന്ത്രിയും ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും രൂപതാ സമിതി ആവശ്യപ്പെട്ടു. ബഫർസോൺ കരിനിയമത്തിനെതിരെയും, കൃഷിവകുപ്പ് മന്ത്രിയുടെ കർഷക വിരുദ്ധ പരാതിയിലും പ്രതിഷേധിച്ചുകൊണ്ട് കർഷക ദിനം കർഷക വഞ്ചനാദിനമായി ഇടുക്കി രൂപതയിൽ ആചരിക്കുന്നതിൻ്റെ ഭാഗമായി കട്ടപ്പനയിൽ നടത്തിയ ഹെഡ് പോസ്റ്റോഫീസ് ധർണയിലാണ് കത്തോലിക്കാ കോൺഗ്രസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്.
സുപ്രീം കോടതി വിധിയിലൂടെ ബഫർസോൺ നിലവിൽ വന്നിരിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നേടാനുള്ള സംസ്ഥാന സർക്കാരിനുള്ള അവസരം സെപ്റ്റംബർ മൂന്നാം തീയതി അവസാനിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ അടിയന്തിര സാഹചര്യത്തിലും കർഷകർ ആശങ്കപ്പെടേണ്ട എന്ന പതിവ് പല്ലവി ആവർത്തിച്ച് മെല്ലെപ്പോക്ക് നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനവിസ്തൃതി ഏറെയുള്ള കേരളത്തിൽ ബഫർസോൺ ആവശ്യമില്ല എന്നത് വിവിധ കമ്മീഷനുകൾ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ഇത് സർക്കാർ പരിഗണിക്കണം, ബഫർസോൺ പഠനങ്ങൾക്ക് വേണ്ടി നടത്തുന്ന ഏരിയൽ മാപ്പിംഗ് പൂർണമായി ഒഴിവാക്കുകയും, വിവരശേഖരണം നടത്തുന്നതിന് പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് ബഫർസോണിൽ ഇളവുകൾ നേടാനുള്ള സമയപരിധി അതിക്രമിക്കുന്നതിനാൽ വിശദമായ പഠനവും വിവര ശേഖരണവും മാപ്പിങ്ങും നടത്തി യഥാർത്ഥ വസ്തുത കോടതിയെ അറിയിക്കുന്നതിന് കൂടുതൽ സമയം നേടിയെടുക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് കത്തോലിക്കാ കോൺഗ്രസ് കർഷക ദിനത്തിൽ പോസ്റ്റോഫീസ് ധർണ നടത്തിയത്. കട്ടപ്പന ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന സമരം കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ ഡയറക്ടർ ഫാദർ ഫ്രാൻസീസ് ഇടവക്കണ്ടം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡൻറ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഫാദർ തോമസ് തൈച്ചേരി, ഫാദർ ജോസ് കുന്നുംപുറം, വി ടി തോമസ്, ജോസ് തോമസ് ഒഴികയിൽ, ടി ജെ ജേക്കബ് തൊടുകയിൽ, ഷാജി പുരയിടത്തിൽ എന്നിവർ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.
ധർണാസമരത്തിൻറെ ഭാഗമായി കുടിയേറ്റ കർഷകൻ ജോസഫ് കുളമാക്കലിനെ കത്തോലിക്ക കോൺഗ്രസ് ആദരിച്ചു. ബെന്നി കാരിയിൽ, സണ്ണി കരിവേലിക്കൽ , ടോമി രാമചനാട്ട്, ഷാജി കൊമ്പിക്കര, അഗസ്റ്റിൻ പരത്തിനാൽ, ജോസുകുട്ടി മണ്ണുക്കുളം, സിബി കല്ലുവെട്ടത്ത്, ഷാജി പൊട്ടനാനി, സിബി മരിയപുരം, സാന്റോ അഗസ്റ്റിൻ, ആദർശ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.