കീവ്: റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്ത കുറ്റത്തിന് ഉക്രെയ്‌നില്‍ വിചാരണ നേരിട്ട് നിരവധി വിദേശികള്‍. ബ്രിട്ടനില്‍ നിന്നുള്ള മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലുള്ളത്. കിഴക്കന്‍ ഉക്രെയ്‌നിലെ റഷ്യന്‍ പ്രോക്‌സി കോടതിയിലാണ് ഇവരെ കൂലിപ്പടയാളികളായി വിചാരണ ചെയ്യുന്നത്. അഞ്ചു പേര്‍ക്കും വധശിക്ഷ വിധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇതുകൂടാതെ അമേരിക്കന്‍ പൗരന്മാരും റഷ്യയുടെ തടവിലുണ്ട്.
ഉക്രെയ്ന്‍ സേനയുമായി യുദ്ധം ചെയ്തതിന്റെ പേരില്‍ ജോണ്‍ ഹാര്‍ഡിംഗ്, ഡിലന്‍ ഹീലി, ആന്‍ഡ്രൂ ഹില്‍ എന്നീ ബ്രിട്ടീഷുകാരും സ്വീഡന്‍ സ്വദേശി മത്തിയാസ് ഗുസ്താഫ്‌സണ്‍, ക്രൊയേഷ്യന്‍ സ്വദേശി വിജെകോസ്ലാവ് പ്രെബെഗ് എന്നിവരുമാണ് കോടതിയില്‍ വിചാരണ നേരിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടാത്ത ഈ കോടതി, ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് എന്ന് വിളിക്കപ്പെടുന്ന റഷ്യന്‍ അനുകൂല ദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതേസമയം മൂന്നു പേരും കുറ്റം നിഷേധിച്ചു.
ഇതേ കോടതി നേരത്തെ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ക്കും മൊറോക്കന്‍ പൗരനും വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ബ്രിട്ടീഷ് പൗരന്മാരായ എയ്ഡന്‍ അസ്ലിന്‍, ഷോണ്‍ പിന്നര്‍, മൊറോക്കോ സ്വദേശി സാദുന്‍ ബ്രാഹിം എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
രണ്ട് തവണ ഒളിമ്പിക് ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യനായ അമേരിക്കന്‍ വനിതാ താരത്തെയും റഷ്യ അറസ്റ്റ് ചെയിരുന്നു. മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ചായിരുന്നു ബ്രിട്ട്‌നി ഗ്രിനറിന്റെ അറസ്റ്റ്. ഗ്രിനറും മറ്റ് അമേരിക്കക്കാരും ഉള്‍പ്പെടുന്ന തടവുകാരെ കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റഷ്യ തയ്യാറാണെന്ന് നയതന്ത്രജ്ഞര്‍ അറിയിച്ചിരുന്നു.
റഷ്യന്‍ അധിനിവേശം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ റഷ്യക്കെതിരേ പോരാടിയ നൂറുകണക്കിന് ഉക്രെയ്ന്‍ പൗരന്മാരെ കാണാതായിട്ടുണ്ട്.
പലരെയും ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലെ ക്യാമ്പുകളിലോ ബേസ്‌മെന്റുകളിലോ പോലീസ് സ്റ്റേഷനുകളിലോ റഷ്യന്‍ സൈന്യം തടഞ്ഞുവച്ചിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ തടവുകാര്‍ നേരിടുന്നത്. ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റതും വൈദ്യുതാഘാതം ഏല്‍പിച്ചതും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിട്ട റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഏറെ ക്ഷീണാവസ്ഥയിലുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കാണാതായതും തടവിലാക്കിയതും ഉള്‍പ്പെടെ 287 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ഉക്രെയ്‌നിലെ പല പ്രദേശങ്ങളിലും യുദ്ധം തുടരുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് ഏറെക്കുറെ കൂടുതലാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.