ബീജിങ്: ലോകരാജ്യങ്ങള്‍ക്കിടയില്‍ പുതിയൊരു അച്ചുതണ്ട് ശക്തി രൂപപ്പെടുന്നതിന്റെ സൂചന നല്‍കി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് സൈന്യം റഷ്യയിലേക്ക് പോകാനൊരുങ്ങുന്നു. 'വോസ്റ്റോക്ക്' എന്ന പേരില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെയാണ് സംയുക്താഭ്യാസം.
നിലവിലെ അന്താരാഷ്ട്ര, പ്രാദേശിക സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും സഖ്യരാജ്യങ്ങള്‍ക്കൊപ്പം ചൈനയുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് പോകുന്നതെന്നും ചൈനയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയ്ക്കു പുറമേ ഇന്ത്യ, ബെലാറസ്, മംഗോളിയ, താജിക്കിസ്ഥാന്‍ എന്നിവയാണ് സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങള്‍.
ഉക്രെയ്‌നില്‍ യുദ്ധം തുടരുന്നതിനിടെ സംയുക്ത സൈനികാഭ്യാസത്തിന് റഷ്യതന്നെയാണ് മുന്‍കൈ എടുത്തത്. പങ്കെടുക്കുന്ന രാജ്യങ്ങളിലെ സൈന്യങ്ങളുമായി പ്രായോഗികവും സൗഹൃദപരവുമായ സഹകരണം വര്‍ദ്ധിപ്പിക്കുക, പങ്കെടുക്കുന്ന കക്ഷികള്‍ക്കിടയില്‍ തന്ത്രപരമായ സഹകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക, വിവിധ സുരക്ഷാ ഭീഷണികളോട് പ്രതികരിക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
റഷ്യയുമായി നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണ കരാറിന്റെ ഭാഗമാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നതെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം റഷ്യയും ചൈനയും വടക്കന്‍-മധ്യ ചൈനയില്‍ 10,000 ലധികം സൈനികരെ ഉള്‍പ്പെടുത്തി സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ഒക്ടോബറില്‍ ഇരു രാജ്യങ്ങളും ജപ്പാന്‍ കടലില്‍ സംയുക്ത നാവിക പരിശീലനങ്ങള്‍ നടത്തി. ദിവസങ്ങള്‍ക്ക് ശേഷം, റഷ്യയുടെയും ചൈനയുടെയും യുദ്ധക്കപ്പലുകള്‍ പടിഞ്ഞാറന്‍ പസഫിക്കില്‍ അവരുടെ ആദ്യത്തെ സംയുക്ത പട്രോളിംഗും നടത്തിയിരുന്നു.
അതേസമയം ചൈനയുടെ അധിനിവേശ മനോഭാവത്തിന് ശക്തമായ താക്കീത് നല്‍കി തായ്‌വാന്‍ തങ്ങളുടെ നിയന്ത്രണ മേഖലയായ തെക്ക്-കിഴക്കന്‍ കൗണ്ടി ഹുവാലിയനില്‍ സൈനികാഭ്യാസം ആരംഭിച്ചു. അമേരിക്കയുടെ പരോക്ഷമായ പിന്തുണയോടെയാണ് സൈനികാഭ്യാസം ആരംഭിച്ചിരിക്കുന്നത്. വെടിക്കോപ്പുകളുടെയും മിസൈലുകളുടെയും ഭീരങ്കികളുടെയും പ്രദര്‍ശനവും യുദ്ധവിമാനങ്ങളുടെ പരിശീല പറക്കലുമൊക്കെ സൈനികാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടാകും. മൂന്ന് ദിവസത്തെ പരിശീലനമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അത് നീട്ടുമോയെന്ന് വ്യക്തമല്ല.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കപ്പലുകളും വിമാനങ്ങളും തായ്‌വാനിലെ കടലിലേക്കും വ്യോമമേഖലയിലേക്കും കടന്നു കയറുന്നതിനുള്ള മറുപടിയാണ് ഹുവാലിയനില്‍ ആരംഭിച്ച സൈനികാഭ്യസമെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് സണ്‍ ലി-ഫാങ് ഹുവാലിയന്‍ എയര്‍ഫോഴ്സ് ബേസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് യുദ്ധ-സജ്ജീകരണ പരിശീലനത്തിനുള്ള അവസരം നല്‍കുന്നതാണ്. തായ്‌വാനിലെ പ്രാദേശിക സമാധാനം തകര്‍ക്കുന്ന ചൈനയുടെ തുടര്‍ച്ചയായ സൈനിക പ്രകോപനങ്ങളെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഉള്‍പ്പടെയുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സമീപകാല സന്ദര്‍ശനങ്ങളെ തുടര്‍ന്ന് ചൈന നടത്തിയ 'സൈനിക പ്രകോപനങ്ങള്‍' അസംബന്ധവും പ്രാകൃതവുമായ പ്രവൃത്തിയാണെന്ന് തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ജോവാന്‍ ഔ പറഞ്ഞു. തായ്‌വാനെ ഭീഷണിപ്പെടുത്തി തങ്ങളുടെ നിബന്ധനകള്‍ അംഗീകരിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. പ്രാദേശിക സ്ഥിരതയെ തുരങ്കം വയ്ക്കുകയും ഇന്തോ-പസഫിക് മേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയുമാണ് ഇത്തരം പ്രവര്‍ത്തികളുടെ ലക്ഷ്യമെന്നും മിസ് ഔ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.