ഏഴ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാകിസ്ഥാനി ചാനലും നിരോധിച്ച് കേന്ദ്ര സർക്കാർ

ഏഴ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാകിസ്ഥാനി ചാനലും നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തിനെതിരായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഏഴ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാകിസ്ഥാനി യൂട്യൂബ് ചാനലും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ചാനലുകൾ കൂടാതെ ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടും രണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ബ്ലോക്ക് ചെയ്തു. ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയുള്ളവയാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.  

ബ്ലോക്ക് ചെയ്ത ചാനലുകള്‍ക്ക് ആകെ 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ന്യൂസ് കി ദുനിയ (97000 സബ്‌സ്‌ക്രൈബര്‍) എന്ന ചാനലാണ് ബ്ലോക്ക് ചെയ്യപ്പെട്ട പാകിസ്ഥാനി ചാനൽ. ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍), യു&വി ടിവി (10.20 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍), എഎം റാസ് വി (95900 സബ്‌സ്‌ക്രൈബര്‍മാര്‍), സബ് കുച്ഛ് ദേഖോ (19.40 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍) തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. 

നിരോധിക്കപ്പെട്ട ചാനലുകളിലെ പല വീഡിയോകളുടേയും ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകര്‍ക്കാനും സാധ്യതയുള്ളവയാണെന്ന് നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യാജവും ഉദ്വേഗജനകവുമായ തമ്പ് നെയ്‌ലുകളാണ് ഈ വീഡിയോകൾക്ക് നൽകിയിരുന്നത്. 2021 ലെ ഐടി നിയമത്തിന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയ മന്ത്രാലയം ഓഗസ്റ്റ് 16 ന് ചാനലുകൾ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിറക്കുകയായിരുന്നു.

2021 ഡിസംബര്‍ മുതല്‍ 102 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.