മുല്ലപ്പെരിയാർ: മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്

മുല്ലപ്പെരിയാർ: മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്

ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് മേൽനോട്ടസമിതി യോഗത്തിൽ തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. അണക്കെട്ടിലെ ചോര്‍ച്ച ഉള്‍പ്പടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇന്‍സ്ട്രമെന്റേഷന്‍ ഉടന്‍ നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം ചർച്ചചെയ്യാൻ ആണ് മേൽനോട്ടസമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്.

പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തിരമായി നൽകണമെന്നാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടത്. ബേബി അണകെട്ട് ശക്തിപ്പെടുത്തണമെങ്കിൽ മരങ്ങൾ മുറിക്കാൻ അനുമതി ആവശ്യമാണ്. ഇത് അടിയന്തിരമായി നൽകണമെന്നും തമിഴ്നാട് യോഗത്തിൽ ആവശ്യപ്പെട്ടു. മരം മുറിക്കാൻ വനം വകുപ്പിന്റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിന്റെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികളോട് നിർദ്ദേശിച്ചു.

ഇക്കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടിയപ്പോൾ കേരളം മേൽനോട്ട സമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനേക്കുറിച്ച് ചർച്ചചെയ്യാൻ ആണ് മേൽനോട്ടസമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ടസമിതി യോഗം വിലയിരുത്തി. അതെസമയം, മുല്ലപ്പെരിയാർ അണകെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനും അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കും കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടു.

തർക്കം പരിഹരിച്ച് അന്തിമ റൂൾ കെർവ് ഉടൻ തയ്യാറാക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്തമാസം മേൽനോട്ടസമിതി അണകെട്ട് സന്ദർശിച്ചേക്കും. ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് എന്‍ജിനീയറും മേല്‍നോട്ടസമിതിയുടെ അധ്യക്ഷനുമായ ഗുല്‍ഷന്‍ രാജിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.