വിഴിഞ്ഞം വിഷയത്തില്‍ മത്സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍

വിഴിഞ്ഞം വിഷയത്തില്‍ മത്സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിജീവനത്തിനായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിനായി മന്ത്രി വി. അബ്ദു റഹ്‌മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ക്ഷണം സ്വീകരിക്കുന്നതായി സമരസമിതി അറിയിച്ചു.

വെള്ളിയാഴ്ച്ചയാകും ചര്‍ച്ച നടക്കുക. അതേസമയം ഉറപ്പുകള്‍ രേഖാമൂലം എഴുതിത്തരാതെ സമരം അവസാനിപ്പിക്കില്ലെന്ന് അതിരൂപത വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്.

സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമരവേദി സന്ദര്‍ശിച്ച് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നയത്തിന് വിരുദ്ധമാണ് ശശി തരൂര്‍ എംപിയുടെ നിലപാട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് ശശി തരൂര്‍ പറയുന്നത്.

ഭൂമി നഷ്ടപ്പെടുന്നതിന് കാരണം തുറമുഖം എന്നു പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയിട്ടില്ലെന്നും തരൂര്‍ ആരോപിച്ചു. സമരത്തിന് പിന്നില്‍ നിക്ഷിത താല്‍പര്യക്കാരാണെന്ന വാദവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.