നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി: 22 പേരെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി; അധ്യാപികയെ തട്ടിക്കൊണ്ടു പോയി

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി: 22 പേരെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി; അധ്യാപികയെ തട്ടിക്കൊണ്ടു പോയി

അക്രമത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സെന്ന് സൂചന.

അബുജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. ടരാബാ സംസ്ഥാനത്തിലെ ഗാസോള്‍, ബാലി കൗണ്ടികളിലായി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 22 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സാണ് കൂട്ടക്കുരുതിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

അക്രമം നടത്തിയ തീവ്രവാദികള്‍ കത്തോലിക്ക മതബോധന അധ്യാപികയെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഗാസോള്‍ കൗണ്ടിയില്‍ ദിന്യാ ഗ്രാമത്തിലെ സെന്റ് ആഗ്‌നസ് ദേവാലയത്തിലെ മതബോധന അധ്യാപികയായ ഗിദിയോണ്‍ ത്സെഹെമ്പായെയാണ് ഇക്കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു  പോയത്.

ദേവാലയത്തില്‍ പ്രവേശിച്ച അക്രമികള്‍ മതബോധന അധ്യാപികയെ തോക്കുചൂണ്ടി ദേവാലയത്തില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്ന് ഇടവക വികാരിയായ ഫാ. ലോറന്‍സ് അവുവ പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഗസോള്‍ കൗണ്ടിയിലെ വുരോ ബുക്കി, ഡാഡിന്‍ കോവാ, യോള-കാരെജെ, ബാബ അസോ, സിപ്, നാംനായി എന്നീ ഗ്രാമങ്ങളിലും ബാലി കൗണ്ടിയിലെ ബാബാ ജൂലി, ഗര്‍വാ, മാലം ബാബ, ബൊക്കി എന്നീ ഗ്രാമങ്ങളിലുമാണ് ക്രൈസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍ ഉണ്ടായത്.

ഇസ്ലാമിക തീവ്രവാദികളും ഫുലാനി ഗോത്ര വര്‍ഗക്കാരും നിരപരാധികളായ ക്രൈസ്തവരെ കൊലപ്പെടുത്തുന്നതും തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയില്‍ നിത്യ സംഭവമാണ്. കൊലപാതകങ്ങളെ പതിവായി അപലപിക്കുന്ന ഇസ്ലാമിക ഭരണ നേതൃത്വം അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ ക്രൈസ്തവ രക്തം മണ്ണിലൊഴുകുന്നതിന് യാതൊരു കുറവുമില്ല.


കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും മൂലം കാരല്‍, ണ്ടിയാന്‍വൊ, വുറോജാം, അയിനാമ, ഗാരിന്‍ കാര്‍ഫെ, വുരോ ജിങ്ങി, ജൌരോ മാനു, ഗാരിന്‍ ഗിഡാഡോ, ഗുരോവാ, കാരെകുകാ, ചുള്‍ തുടങ്ങിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം പേരാണ് ഭവനരഹിതരായിട്ടുള്ളത്.

അബൂബക്കര്‍ ഷെക്കാവുവിന്റെ നേതൃത്വത്തില്‍ ബൊക്കോ ഹറാമില്‍ നിന്നും 2016 ല്‍ വേര്‍പിരിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് 'മധ്യ നൈജീരിയന്‍ കാലിഫേറ്റിന്റെ സൈനികര്‍' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്‌സിന്റെ പഠന റിപ്പോര്‍ട്ടു പ്രകാരം ക്രൂരമായ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണ് നൈജീരിയയ്ക്ക്.

ഇസ്ലാമിക മത മൗലികവാദി ഗ്രൂപ്പുകള്‍ നിരന്തരമായി ആക്രമണം നടത്തുന്ന നൈജീരിയയില്‍ ക്രൈസ്തവര്‍ അനുദിനവും നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് ഓഗസ്റ്റ് 27 ന് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്ന നൈജീരിയന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ഒബേറ ഒക്പെലെക്കെക്ക് പറഞ്ഞു.

മോചനദ്രവ്യത്തിനുവേണ്ടി തട്ടിക്കൊണ്ടു പോകല്‍ ക്രമാനുഗതമായി വര്‍ധിച്ചിരിക്കുന്നു. ക്രൈസ്തവരുടെ സ്വത്തും വസ്തുവകകളും നശിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. നിരവധിപ്പേരാണ് രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടിട്ടുള്ളതെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.