മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്.
തിരുവനന്തപുരം: തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം തുടരും. മന്ത്രിമാരായ ആന്റണി രാജു, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം സമര സമിതി കണ്‍വീനറും തിരുവനന്തപുരം അതിരൂപതാ വികാരി ജനറാളുമായ ഫാ. യൂജിന്‍ പെരേരയാണ് ഇക്കാര്യം അറിയിച്ചത്.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് പുനരധിവാസ നടപടികള്‍ ആരംഭിക്കുമെന്നാണ് മന്ത്രിമാര്‍ നല്‍കിയിട്ടുള്ള ഉറപ്പ്. ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീട് എടുത്ത് മാറ്റാനുള്ള സാധ്യതകളും തേടുന്നുണ്ട്.
തങ്ങള്‍ ഉന്നയിച്ച ഏഴ് വിഷയങ്ങളും ഓരോന്നായി ചര്‍ച്ച ചെയ്തായി സമര സമിതി നേതാക്കള്‍ പറഞ്ഞു. മണ്ണെണ്ണ സബ്സിഡി മന്ത്രി സഭയില്‍ ചര്‍ച്ച ചെയ്യാനും മുതലപ്പുഴയിലെ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തീരുമാനമായി.
കടലില്‍ പോകാത്ത ദിവസങ്ങളില്‍ സാമ്പത്തിക സഹായം നല്‍കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. തുറമുഖ ആഘാത വിഷയത്തില്‍ ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
എന്നാല്‍ സമരസമിതി ഉന്നയിച്ച ഏഴ് പ്രധാന പ്രശ്‌നങ്ങളിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍ മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.