മോസ്‌കോ: റഷ്യന്‍ അധിനിവേശ മേഖലയിലുള്ള സപ്പോരിജിയ ആണവ പ്ലാന്റിന്റെ സ്ഥിതി സംബന്ധിച്ച് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് അന്താരാഷ്ട്ര മാധ്യമത്തോട് പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആശങ്കയുണ്ടെങ്കില്‍ പ്ലാന്റ് സന്ദര്‍ശിച്ച് ഉറപ്പുവരുത്താമെന്ന് പുടിന്‍ പറഞ്ഞു. പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
മാര്‍ച്ച് ആദ്യം മുതല്‍ സപ്പോരിജിയ ആണവ പ്ലാന്റും അതു സ്ഥിതി ചെയ്യുന്ന മേഖലയും റഷ്യന്‍ അധിനിവേശത്തിന്റെ കീഴിലാണ്. എന്നാല്‍ പ്ലാന്റിലെ സാങ്കേതിക വിദഗ്ധരും ജോലിക്കാരുമെല്ലാം ഉക്രേയ്‌നികളുമാണ്. മക്രോണുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പ്ലാന്റ് സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനും യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ പുടിന്‍ സമ്മതിച്ചതായി റഷ്യന്‍ ഭരണസിരാകേന്ദ്രമായ ക്രെംലിന്‍ പറഞ്ഞു.
പുടിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎന്റെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറഞ്ഞു. ഉടന്‍ തന്നെ പ്ലാന്റ് സന്ദര്‍ശിക്കാനുള്ള നടപടി സ്വീകരിക്കും. യുദ്ധ പശ്ചാത്തലത്തില്‍ ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുകയെന്നത് അതിവ ഗൗരവമേറിയ കാര്യമാണെന്നും റാഫേല്‍ ഗ്രോസി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ആണവ നിലയങ്ങളിലൊന്നാണ് സപ്പോരിജിയ. റഷ്യ ഈ സമുച്ചയത്തെ സൈനിക താവളമാക്കി മാറ്റിയെന്ന് കാട്ടി യുഎന്‍ രക്ഷാ സമതിക്ക് ഉക്രെയ്ന്‍ പരാതി നല്‍കിയിരുന്നു. സൈനിക ഉപകരണങ്ങളും ആയുധങ്ങളും 500 ഓളം സൈനികരെയും വിന്യസിച്ച് ഡൈനിപ്പര്‍ നദിക്ക് കുറുകെയുള്ള പട്ടണങ്ങളില്‍ ആക്രമണം നടത്താന്‍ ഈ മേഖലയെ റഷ്യ കവചമായി ഉപയോഗിക്കുന്നുവെന്നും ഉക്രെയ്ന്‍ പരാതിയില്‍ ഉന്നയിച്ചു.
എന്നാല്‍ സപ്പോരിജിയ ആണവനിലയത്തിന് നേരെ ആക്രമണം നടത്താന്‍ ഉക്രെയ്ന്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് റഷ്യയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി റഷ്യയും യുഎന്‍ രക്ഷാസമിതിക്ക് പരാതി നല്‍കി. ആണവ ചോര്‍ച്ച ഉണ്ടാക്കാന്‍ ഉക്രെയ്ന്‍ ശ്രമിക്കുന്നുവെന്നും നിലയത്തില്‍ റഷ്യന്‍ സൈന്യം ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണെന്ന ആരോപണം വസ്തുതാ വിരുധമാണെന്നും റഷ്യ യുഎന്നിന് നല്‍കിയ കത്തില്‍ പറഞ്ഞു.
കഴിഞ്ഞിടെ സപ്പോരിജിയ ആണവ പ്ലാന്റിന് നേരെയുണ്ടായ ആക്രണത്തില്‍ ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്പരം പഴിചാരാനാണ് റഷ്യയും ഉക്രെയ്‌നും ശ്രമിച്ചത്. റഷ്യ മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആരോപിച്ചു. എന്നാല്‍ ആണവ അപകടം ഉണ്ടാക്കാന്‍ ഉക്രെയ്‌നാണ് ശ്രമിക്കുന്നതെന്ന മറുവാദവുമായി റഷ്യയും രംഗത്തെത്തി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യുഎന്‍ വിഷയത്തില്‍ ഇടപെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.