കടുന: നൈജീരിയയില്‍ ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്ത സംഭവങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ കത്തോലിക്കാ മാധ്യമപ്രവര്‍ത്തകന്റെ വിചാരണ അടുത്ത മാസം ആരംഭിക്കും. സൈബര്‍ കുറ്റകൃത്യം ചുമത്തി കഴിഞ്ഞ വര്‍ഷം ജയിലില്‍ അടച്ച ലൂക്കാ ബിന്നിയാത്ത് ആണ് സെപ്റ്റംബര്‍ ആറിന് വിചാരണ നേരിടാനൊരുങ്ങുന്നത്.
ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയുടെ നിഴലില്‍ കഴിയുന്ന ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ലേഖനം എഴുതിയതിനാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. സൈബര്‍സ്റ്റാക്കിംഗ് എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ വ്യക്തിഹത്യ, ബ്ലാക്ക് മെയില്‍, മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയവ ചെയ്യുന്നതിനെയാണ് സൈബര്‍ സ്റ്റാക്കിംഗ് എന്നു പറയുന്നത്. മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലപ്പോഴും ഇത് ആയുധമാക്കാറുണ്ട്.
നിരായുധരായ ക്രൈസ്തവരുടെ കൂട്ടക്കൊലയെ ഗ്രാമവാസികളും തീവ്രവാദികളും തമ്മിലുള്ള സംഘട്ടനമായി കടുന സ്റ്റേറ്റ് ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ് ഹോം അഫയേഴ്സ് കമ്മീഷണര്‍ സാമുവല്‍ അരുവാന്‍ ചിത്രീകരിച്ചതിനെതിരേയാണ് ലൂക്കാ ബിന്നിയാത്ത് ലേഖനമെഴുതിയത്.
സൈബര്‍ സ്റ്റാക്കിംഗ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ലൂക്കാ ബിന്നിയാത്ത് നൈജീരിയന്‍ മജിസ്ട്രേറ്റിന് മുമ്പാകെ സെപ്റ്റംബര്‍ ആറിന് വിചാരണ നേരിടണം.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 -ന് ബിന്നിയാത്ത് എഴുതിയ ഒരു ലേഖനമാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണം. നൈജീരിയയില്‍, ക്രൈസ്തവരെ വ്യാപകമായി കൂട്ടക്കൊല ചെയ്യുകയാണെന്ന് അദ്ദേഹം ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
കടുന സംസ്ഥാനത്ത് നടക്കുന്ന വംശഹത്യയെ മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍, ക്രൈസ്തവനായ സാമുവല്‍ അരുവാനെ ഉപയോഗിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ബിന്നിയാത്ത് ആരോപിച്ചിരുന്നു.
രണ്ട് കടുന ഗ്രാമങ്ങളില്‍ നടന്ന ക്രൈസ്തവരുടെ കൂട്ടക്കൊലകളെക്കുറിച്ച് ബിന്നിയാത്ത് ലേഖനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മടമായ് കമ്മ്യൂണിറ്റിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-ന് 38 ക്രിസ്ത്യാനികളെയാണ് സായുധരായ ഫുലാനി ഇടയന്മാര്‍ കൂട്ടക്കൊല ചെയ്തത്. ഒരു മാസത്തിനുശേഷം, മടമായില്‍ നിന്ന് ഏകദേശം മൂന്ന് മൈല്‍ അകലെയുള്ള ക്രൈസ്തവ ഗ്രാമമായ ജങ്കസയില്‍, ആയുധധാരികളായ ഇടയന്മാര്‍ നാല് ഗ്രാമീണരെ കൊലപ്പെടുത്തി.
ആക്രമണങ്ങളുടെ തൊട്ടടുത്ത ദിവസം സാമുവല്‍ അരുവാന്‍ പുറപ്പെടുവിച്ച പത്രപ്രസ്താവന ക്രൈസ്തവരുടെ വ്യാപക എതിര്‍പ്പിന് ഇടയാക്കി. ഗ്രാമീണരും ഇടയന്മാരും തമ്മിലുള്ള സംഘട്ടനത്തിന്റെ ഫലമാണ് അക്രമമെന്നായിരുന്നു സാമുവലിന്റെ വാദം.
നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിന്നിയാത്തിന്റെ അറസ്റ്റും വരാനിരിക്കുന്ന വിചാരണയുമെന്ന് കാത്തലിക് യൂണിവേഴ്സിറ്റിയിലെ നിയമ പ്രൊഫസര്‍ റോബര്‍ട്ട് ഡെസ്‌ട്രോ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.