ഓസ്‌ട്രേലിയയില്‍ അവശ്യ മരുന്നുകള്‍ക്ക് ലഭ്യത കുറയുന്നു

ഓസ്‌ട്രേലിയയില്‍ അവശ്യ മരുന്നുകള്‍ക്ക് ലഭ്യത കുറയുന്നു

പെര്‍ത്ത്: അവശ്യ മരുന്നുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ഇത് രോഗികളില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും മുന്നറിയിപ്പു നല്‍കുന്നു. നൂറുകണക്കിന് മരുന്നുകള്‍ക്കാണ് രാജ്യത്ത് ക്ഷാമം നേരിടുന്നത്.

പ്രമേഹം, പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള അവശ്യമരുന്നുകളും വേദനസംഹാരികളും പോലും പലയിടത്തും കിട്ടാനില്ലാത്ത അവസ്ഥയാണ്.

നിലവിലെ സാഹചര്യത്തില്‍ വിവിധ രോഗങ്ങള്‍ക്കുള്ള 340 ജനറിക് മെഡിസിനുകള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. താമസിയാതെ തന്നെ മറ്റ് 85 മരുന്നുകള്‍ കൂടി വിപണിയില്‍ ലഭ്യമല്ലാതായേക്കും. പല അവശ്യ മരുന്നുകളും ഒട്ടും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ഫാര്‍മസിസ്റ്റായ നതാലി കോര്‍പാസിനെ ഉദ്ധരിച്ച് എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

വേദനസംഹാരികള്‍ക്കും പനി മരുന്നുകള്‍ക്കും പുറമേ പ്രമേഹ രോഗം, മനോരോഗം ഹൃദ്‌രോഗം തുടങ്ങി പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.

കോവിഡ് മഹാമാരി ആരംഭിച്ച ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി പലപ്പോഴായി ഫാര്‍മസികളില്‍ മരുന്നുകള്‍ക്കു ക്ഷാമം നേരിടുന്നുണ്ട്. എന്നാല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാസ്‌കുകള്‍ക്കും ആന്റിജന്‍ ടെസ്റ്റ്് കിറ്റുകള്‍ക്കും ക്ഷാമമുണ്ടായിരുന്നു.

കിട്ടാനില്ലാത്ത മരുന്നുകളില്‍ പലതും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായവയാണെന്നും നതാലി കോര്‍പാസ് കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ വിറ്റഴിക്കുന്ന 90 ശതമാനം മരുന്നുകളും രാജ്യത്തേക്ക് ഇറുക്കുമതി ചെയ്യുകയാണ്. യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ മരുന്ന് ഇറക്കുമതി ചെയ്യുന്നത്.

യൂറോപ്പും അമേരിക്കയും മരുന്നുല്‍പാദനത്തിനാവശ്യമായ ഘടകങ്ങള്‍ ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമാണ്.

എന്നാല്‍ മരുന്നുകള്‍ക്കായി വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പഴയതു പോലെ മരുന്ന് ഇറക്കുമതി ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തിനാവശ്യമായ മരുന്നുകള്‍ അടിയന്തരമായി ഓസ്‌ട്രേലിയയില്‍തന്നെ ഉല്‍പാദിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്.

അതുണ്ടായാല്‍ മാത്രമേ ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താനാകൂ. രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പഠനങ്ങളും അനിവാര്യമാണ്.

കുറഞ്ഞത് ആറു മാസം വരെ ആവശ്യമുള്ള മരുന്നുകള്‍ സൂക്ഷിക്കണമെന്ന് വിതരണക്കാരോടായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് നിലവില്‍ വന്ന പുതിയ നിയമപ്രകാരം ഈ നിബന്ധനയ്ക്കു മാറ്റം വരുത്തിയത് തിരിച്ചടിയായി. ഇക്കാര്യത്തില്‍ കുറച്ചുകൂടി കര്‍ശനമായ ജാഗ്രത വേണമെന്നാണ് റോയല്‍ ഓസ്ട്രലേഷ്യന്‍ കോളജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സിലെ അംഗം ഡോ. അനീറ്റ മുനോസ് പറയുന്നത്.

കോവിഡിനെ തുടര്‍ന്ന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടതും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും രാജ്യത്ത് അവശ്യ മരുന്നുകളടെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്. വര്‍ഷങ്ങളായി ഒരേ മരുന്ന് സ്ഥിരമായി കഴിക്കുന്ന രോഗികളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ഇത് അവരുടെ ആരോഗ്യാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്നുക്ഷാമം സൃഷ്ടിക്കുന്ന മാനസിക പ്രശനങ്ങളെയും ഉത്കണ്ഠയെയും അവഗണിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

മരുന്ന് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിനകത്തു തന്നെ മരുന്ന് ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26