'സിസോദിയ രാജ്യം വിടരുത്': ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി സിബിഐ; അറസ്റ്റ് ഉടനുണ്ടായേക്കും

'സിസോദിയ രാജ്യം വിടരുത്': ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി സിബിഐ; അറസ്റ്റ് ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തേക്കും. സിസോദിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സിബിഐ അദ്ദേഹമടക്കം പതിനഞ്ചുപേരുടെ വിദേശ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ഡല്‍ഹിയിലെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്നാണ് സിബിഐ പറയുന്നത്. നേരത്തെ ഇക്കാര്യത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയും ചില ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷിക്കുകയായിരുന്നു

ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളാണ് സിസോദിയയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹമടക്കം 15 പേര്‍ക്ക് ലുക്ക്ഔട്ട് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്.കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ വസതി അടക്കം 31 ഇടങ്ങളില്‍ 14 മണിക്കൂര്‍ നേരം സിബിഐ റെയ്ഡ് നടത്തിയിരുന്നു.

അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിലെ മന്ത്രിയായതുകൊണ്ടാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നായിരുന്നു മനീഷ് സിസോദിയയുടെ പ്രതികരണം. മദ്യനയം സുതാര്യവും മികച്ചതുമാണ്. അരവിന്ദ് കെജരിവാളിന്റെ സദ്ഭരണത്തിന് തടയിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

മദ്യനയത്തില്‍ അഴിമതിയുള്ളത് ഗുജറാത്തിലാണ്. യുപിയില്‍ മോദി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേയുടെ നിര്‍മാണത്തിലാണ് അഴിമതി നടന്നത്. സിബിഐ ഉദ്യോഗസ്ഥര്‍ ഫോണും കംപ്യൂട്ടറും പിടിച്ചെടുത്തതായി അദ്ദേഹം ആരോപിച്ചു.

സിബിഐ നടത്തിയ റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെത്തിയില്ല. പിന്നാലെ തന്നെ കാണാനില്ലെന്ന് ലുക്ക്് ഔട്ട് നോട്ടീസും ഇറക്കി. താന്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടെന്നും എവിടെയാണ് വരേണ്ടതെന്ന് പറഞ്ഞാല്‍ മതിയെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.