മയക്കുമരുന്ന് ഇടപാട്: പത്ത് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവന്‍; കൊച്ചി ഇനി ഓപ്പറേഷന്‍ നിരീക്ഷണിന്റെ കീഴില്‍

മയക്കുമരുന്ന് ഇടപാട്: പത്ത് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവന്‍; കൊച്ചി ഇനി ഓപ്പറേഷന്‍ നിരീക്ഷണിന്റെ കീഴില്‍

കൊച്ചി: കൊച്ചിയില്‍ പത്ത് ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ ലഹരിക്കടത്തും കുറ്റകൃത്യങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഓപ്പറേഷന്‍ നിരീക്ഷണ്‍ എന്ന പേരില്‍ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറകള്‍ നഗരത്തില്‍ സ്ഥാപിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം സൗത്തിലും, കാക്കനാട് ഫ്ളാറ്റിലും കൊലപാതകമുണ്ടായത് ലഹരിയുടെ പേരിലാണ്. ചെറിയ കുറ്റങ്ങള്‍ ചെയ്താല്‍ പോലും അത് തര്‍ക്കത്തിലും പിന്നാലെ കൊലപാതകത്തിലും കലാശിക്കുന്നു. ലഹരിക്ക് അടിമപ്പെടുന്ന ആളുകളുടെ എണ്ണവും പ്രതിദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നഗരം നിരീക്ഷണ വലയത്തിലാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നുമുള്ള ആളുകള്‍ കൊച്ചിയില്‍ എത്തുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഒന്നിച്ച് താമസിക്കുന്നവര്‍ക്ക് പോലും ഒപ്പമുള്ളവരുടെ വിവരങ്ങള്‍ അറിയില്ല. ഫ്ളാറ്റ് ഉടമകള്‍, കച്ചവടക്കാര്‍ എന്നിവരുടെ പിന്തുണയോടെ രണ്ട് ലക്ഷം ക്യാമറകള്‍ കൊച്ചി നഗരത്തില്‍ സ്ഥാപിക്കാനാണ് തീരുമാനം.

പൊലീസിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഫ്ളാറ്റ് അസോസിയേഷനുകള്‍ക്കെതിരെ നടപടി എടുക്കും. സിസിടിവി സ്ഥാപിക്കുന്നതില്‍ അടക്കം വീഴ്ച വരുത്തിയാല്‍ ഇവരെ കേസില്‍ കൂട്ടുപ്രതികളാക്കും. ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഓള്‍ കേരള ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനും മര്‍ച്ചന്റ് അസോസിയേഷനും ഉള്‍പ്പടെയുള്ള സംഘടനകള്‍ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.