തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ചങ്ങനാശേരി അതിരൂപതാ. തിരുവനന്തപുരം ഫൊറോനാ വികാരി ഫാ.മോർളി കൈതപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി ഇന്നലെ വിഴിഞ്ഞത്തെത്തി ഐക്യദാർഢ്യം അറിയിച്ചു.
വിഴിഞ്ഞത്ത് തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികൾ നിരന്തരമായി അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ചങ്ങനാശേരി അതിരൂപതാ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപതയ്ക്കായി പ്രമേയം ഫാ. മോർളി കൈതപ്പറമ്പിൽ വായിച്ചു.
പ്രളയം പോലുള്ള നാടിന്റെ ആപത്ഘട്ടങ്ങളിൽ തങ്ങളുടെ ജീവൻ തൃണവൽക്കരിച്ച് സഹജീവികളുടെ ജീവൻ രക്ഷിക്കാൻ വള്ളങ്ങളുമായി ഓടിയെത്തിയവരാണ് മത്സ്യ തൊഴിലാളികൾ. കേരളത്തിന്റെ സൈന്യമെന്ന് അധികാരികൾ പോലും വാഴ്ത്തിപ്പാടിയ ഈ ജനത ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
മത്സ്യത്തൊഴിലാളി ജനത നടത്തുന്ന ഈ പോരാട്ടത്തോട് സീറോ മലബാർ സഭയും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ഇടവകകളും ചേർന്ന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും ഫാ.മോർളി കൈതപ്പറമ്പിൽ അറിയിച്ചു. ഫാ.ജിൻസ്, ഫാ.സോണി പള്ളിച്ചിറയിൽ, ഫാ.ജിന്റോ ചിറ്റിലപ്പള്ളി, ഫാ. മാത്യു കുന്നുംപ്പുറത്ത്, ഫാ. ഡൊമിനിക്, ഫാ. ജേക്കബ്, ഫാ. ജിബി ൻ കോഴപ്ലാക്കൽ, ഫാ. ജോംസി പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് തുടങ്ങിയവർ സമരപ്പന്തലിലുണ്ടായിരുന്നു.
ഒരുമാസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ഘട്ടമാണ് വിഴിഞ്ഞത്ത് തുടരുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര സമിതിയുമായി യോഗം വിളിച്ചെങ്കിലും യോഗത്തിൽ സമര സമിതിയുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ വിസമ്മതം അറിയിക്കുകയായിരുന്നു. ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടക്കുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.