പെര്‍ത്ത്: ഇന്ത്യ - ഓസ്ട്രേലിയ നാവികസേനകള്‍ തമ്മിലുള്ള മാരിടൈം പാര്‍ട്ണര്‍ഷിപ്പ് അഭ്യാസം പെര്‍ത്തില്‍ സമാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നാവിക ബന്ധം പുനസ്ഥാപിക്കാനും പരസ്പരമുള്ള പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുമായിരുന്നു അഭ്യാസങ്ങള്‍ സംഘടിപ്പിച്ചത്. അഭ്യാസത്തില്‍ റോയല്‍ ഓസ്ട്രേലിയന്‍ നേവിയുടെ എച്ച്.എ.എം.എസ് അന്‍സാക്കിനൊപ്പം ഇന്ത്യന്‍ കപ്പലായ ഐ.എന്‍.എസ് സുമേധ പങ്കെടുത്തു.
റോയല്‍ ഓസ്‌ട്രേലിയന്‍ നേവിയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ ഉറപ്പിക്കുന്നതിനൊപ്പം ഹെലികോപ്റ്ററുകളുടെ ക്രോസ് ഡെക്ക് ലാന്‍ഡിങ്, ശത്രുക്കളെ നേരിടാനുള്ള തന്ത്രങ്ങള്‍, ഫെയര്‍വെല്‍ സ്റ്റീം പാസ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു സമാപനം സംഘടിപ്പിച്ചത്. ഇതുകൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓസ്ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സ് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ പതാക ഉയര്‍ത്തി. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിലെ തുറമുഖത്താണ് ഐ.എന്‍.എസ് സുമേധ നങ്കൂരമിട്ടത്.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പതാക ഉയര്‍ത്താനുള്ള ഇന്ത്യന്‍ നാവികസേനയുടെ നീക്കത്തിന്റെ ഭാഗമായി തെക്ക് കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഐ.എന്‍.എസ് സുമേധയെ വിന്യസിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സൗഹൃദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു മാരിടൈം പാര്‍ട്ണര്‍ഷിപ്പ് അഭ്യാസത്തിന് തുടക്കമായത്. ഇന്റോ-പസഫിക്ക് മേഖലയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പു വരുത്തുന്നതിനും സുരക്ഷ വെല്ലുവിളികളോട് സംയുക്തമായി ചേര്‍ന്ന് പോരാടാനും വേണ്ടിയാണ് മാരിടൈം പാര്‍ട്ണര്‍ഷിപ്പ് അഭ്യാസം സംഘടിപ്പിച്ചത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പട്രോള്‍ കപ്പലാണ് ഐ.എന്‍.എസ് സുമേധ. വിശാഖപട്ടണം ആസ്ഥാനമായുള്ള ഇന്ത്യന്‍ നാവികസേനയുടെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ ഫ്‌ളാഗ് ഓഫിസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫിന്റെ നേതൃത്വത്തിലാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.