ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; വിദേശയാത്ര മുടങ്ങുമോയെന്ന ആശങ്കയില്‍ അപേക്ഷകര്‍

ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; വിദേശയാത്ര മുടങ്ങുമോയെന്ന ആശങ്കയില്‍ അപേക്ഷകര്‍

സിഡ്‌നി: കടുത്ത പ്രതിസന്ധിയിലൂടെയാണ് ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് ഓഫീസ് കടന്നുപോകുന്നത്. പ്രതിദിനം എത്തുന്നത് 15,000 അപേക്ഷകള്‍. മാസങ്ങള്‍ കാത്തിരുന്നിട്ടും അപേക്ഷയിന്മേല്‍ നടപടി ഉണ്ടാകുന്നില്ല. പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശയാത്രകളും പഠനവും ജോലിയുമൊക്കെ മുടങ്ങുമോയെന്ന ആശങ്കയില്‍ പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലെത്തുന്നവര്‍ക്ക് ഇനിയും മാസങ്ങള്‍ കാത്തിരിക്കണമെന്ന നിരാശകരമായ മറുപടിയാണ് ലഭിക്കുന്നത്.

അഞ്ചുവയസുള്ള മകള്‍ അയ്ലയുടെ പാസ്പോര്‍ട്ടിനായി മൂന്ന് മാസത്തോളം കാത്തിരുന്ന ശേഷം പരാതി നല്‍കിയ എലീഷ സ്റ്റെഡ്മാന്റെ അനുഭവമാണ് പതിനായിരക്കണക്കിന് വരുന്ന അപേക്ഷകര്‍ക്കും പറയാനുള്ളത്. എലീഷ മകളുടെ പാസ്‌പോര്‍ട്ട് കാര്യം തിരിക്കിയപ്പോള്‍ ആറാഴ്ച്ചയ്ക്കകം ലഭിക്കുമെന്നാണ് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി. നാല് മാസത്തിന് ശേഷം വീണ്ടും ഇവര്‍ ഓഫീസിനെ സമീപിച്ചു. അപ്പോള്‍ അപേക്ഷ നടപടി ആരംഭിച്ചിട്ടുപോലുമില്ലായിരുന്നു.

''ആവശ്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോള്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഏഴ് ദിവസത്തിനകം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും സമീപിച്ചു. അപേക്ഷിയില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് മാത്രമല്ല പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എത്രസമയം എടുക്കുമെന്ന് പറയാനാവില്ലെന്ന മറുപടിയുമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചത്.''- എലീഷ സ്റ്റെഡ്മാന്‍ പറഞ്ഞു

അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് ലഭിക്കാത്തതിന്റെ കഥയാണ് കൂറോ സ്വദേശിയായ സ്‌കോട്ട് ലോ ക്ക് പറയാനുള്ളത്. കഴിഞ്ഞ മെയ് മാസത്തിലാണ് തന്റെ അഞ്ചു വയസുള്ള മകനും രണ്ട് വയസുള്ള മകള്‍ക്കും പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. രണ്ട് മാസത്തെ സമയമാണ് അവര്‍ പറഞ്ഞത്.

''എട്ടാഴ്ച്ച കഴിഞ്ഞും പാസ്‌പോര്‍ട്ട് ലഭിക്കാതെ വന്നപ്പോള്‍ ആശങ്കയായി. ആദ്യം പാസ്‌പോര്‍ട്ട് ഓഫീസില്‍ വിളിച്ചപ്പോള്‍ ഉടന്‍ ശരിയാക്കി തരാം എന്ന് പറഞ്ഞു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും റിംഗ് ചെയ്തതല്ലാതെ ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് പ്രദേശത്തെ എംപി, ബന്ധപ്പെട്ട വകുപ്പ് മന്ത്രി, പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകളുമായും ബന്ധപ്പെട്ടു. പക്ഷെ നിരാശയായിരുന്നു ഫലം. തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഓംബുഡ്സ്മാന് പരാതി നല്‍കുകയാണ് ഉണ്ടായത്.'' - സ്‌കോട്ട് ലോ പറഞ്ഞു.

ഇത്തരത്തില്‍ നൂറു കണക്കിന് പരാതികളാണ് ഓംബുഡ്‌സ്മാന് ദിവസേന ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ കുറവും നിരന്തര സമരങ്ങളുമാണ് പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍ എത്തിച്ചത്. ഇതിനകം തന്നെ പഠനത്തിനും ജോലിക്കുമായി വിദേശത്ത് പോകാനൊരുങ്ങുന്ന പതിനായിരക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ പ്രതിസന്ധിയിലാണ്. പാസ്‌പോര്‍ട്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതരും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26