മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ തുറമുഖത്ത് അനധികൃതമായി സൂക്ഷിച്ച 11 കിലോഗ്രാം ഫെന്റനിലും 30 കിലോ മെത്താംഫെറ്റാമൈനും ഓസ്ട്രേലിയ ഫെഡറല്‍ പൊലീസും (എഎഫ്പി) ഓസ്ട്രേലിയ ബോര്‍ഡര്‍ ഫോഴ്സും (എബിഎഫ്) ചേര്‍ന്ന് പിടിച്ചെടുത്തു. കാനഡയില്‍ നിന്ന് എത്തിച്ച മെഷിനറിക്കുള്ളില്‍ നിന്നാണ് 32 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതെന്ന് കരുതുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.
മയക്കുമരുന്നുകള്‍ ഓസ്‌ട്രേലിയയിലേക്ക് തന്നെയാണോ അതോ മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുന്നതിന്റെ ഭാഗമായി സൂക്ഷിച്ചതാണോയെന്ന് അന്വേഷിച്ച് വരികെയാണെന്ന് എബിഎഫ് കമാന്‍ഡര്‍ ജെയിംസ് വാട്സണ്‍ പറഞ്ഞു. ലോകത്തിന്റെ പലഭാഗത്തും ഫെന്റനിലിന്റെ ഉപയോഗം പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഉപയോഗം മൂലം ഒട്ടേറെ ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഓസ്ട്രേലിയയില്‍ ആദ്യമായാണ് ഇത്രയും അളവില്‍ ഫെന്റനില്‍ പിടികൂടുന്നത്. 2017 ല്‍ 30 ഗ്രാം ഫെന്റനില്‍ പിടികൂടിയതാണ് ഇതിനു മുന്‍പുള്ള ഏറ്റവും വലിയ ഫെന്റനില്‍ വേട്ട. ഓസ്‌ട്രേലിയയില്‍ ഫെന്റനിലിന്റെ ഉപയോഗം വ്യാപകമല്ലാത്തതിനാല്‍ മയക്കുമരുന്ന് എത്തിച്ചതിന്റെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും സര്‍ക്കാരും.
മെല്‍ബണ്‍ തുറമുഖത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് ഇറക്കിവച്ചിരുന്ന യന്ത്രസാമഗ്രികള്‍ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍
തുറമുഖത്ത് ഇറക്കിവച്ചിരുന്ന യന്ത്രസാമഗ്രികള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ നിലയില്‍ പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മയക്കുമരുന്നുകളാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ പരിശോധനയ്ക്കായി ഇവ ലാബിലേക്ക് അയയ്ച്ചു. അവിടെ നിന്നുള്ള പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധിത മയക്കുമരുന്നുകളാണെന്ന് സ്ഥിരീകരിച്ചത്.
മയക്കുമരുന്ന് എത്തിച്ചതിന് പിന്നില്‍ സംഘടിത ശ്രമം വ്യക്തമാണെന്ന് വാട്‌സണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കുള്ള മാര്‍ക്കറ്റ് രൂപ്പെടുത്തിയെടുക്കാനുള്ള നീക്കമാകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. വന്‍ സാമ്പത്തിക നേട്ടമാണ് ഇത്തരക്കാര്‍ ലക്ഷ്യവയ്ക്കുന്നത്. നിരോധിത മയക്കുമരുന്നുകളാണെന്ന് മനസിലാക്കാതെ ഇവ ഉപയോഗിക്കുന്നവരും രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്നു എത്തിച്ചവര്‍ക്കായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസും ഒസ്‌ട്രേലിയന്‍ ബോര്‍ഡര്‍ പൊലീസും ആഭ്യന്തര മന്ത്രാലയവും അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ പ്രതികളിലൊരാളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വാട്‌സണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26