നൈജീരിയയില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളെ മോചിപ്പിച്ചു

നൈജീരിയയില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകളെ മോചിപ്പിച്ചു

ഇമോ: നൈജീരിയയില്‍ സായുധരായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ നാല് കന്യാസ്ത്രീകളെ മോചിപ്പിച്ചു. ഇമോ സംസ്ഥാനത്തെ 'ദി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍' (എസ്.ജെ.എസ്) സന്യാസ സമൂഹത്തിലെ അംഗങ്ങളായ സി. ജോഹന്നാസ് ന്വോഡോ, സി. ക്രിസ്റ്റബെല്‍ എചെമസു, സി. ലിബറാറ്റ എംബാമലു, സി. ബെനിറ്റ അഗു എന്നിവരെയാണ് ആക്രമികള്‍ മോചിപ്പിച്ചത്. ഇന്നലെയാണ് സന്യാസ സമൂഹം ആശ്വാസകരമായ വാര്‍ത്ത പുറത്തുവിട്ടത്.

ഞായറാഴ്ച്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് കന്യസ്ത്രീകളെ തട്ടിക്കൊണ്ടുപോയത്.

'രണ്ട് ദിവസത്തെ തീവ്രമായ പ്രാര്‍ത്ഥനകള്‍ക്ക് ഫലമായി സന്യാസിനിമാര്‍ കാലതാമസം കൂടാതെ സുരക്ഷിതമായി മോചിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഞങ്ങള്‍ക്ക് അവിസ്മരണീയമായ ദിവസമാണ്. അതിനാല്‍, തങ്ങളുടെ പ്രിയപ്പെട്ട സഹോദരിമാരുടെ മോചനത്തിന് പല വിധത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ഈ സന്തോഷം പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' - ഇന്നലെ പുറത്തു വിട്ട പ്രസ്താവനയില്‍ 'ദി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍' സന്യാസ സമൂഹം അറിയിച്ചു.

'ഈ ദുഷ്‌കരമായ നിമിഷങ്ങിലെ നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ധാര്‍മ്മിക പിന്തുണക്കും ഞങ്ങള്‍ ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നതായും എസ്.ജെ.എസ് സെക്രട്ടറി ജനറല്‍ പ്രസ്താവനയില്‍ പറയുന്നു.

ദരിദ്രരെയും വൃദ്ധരെയും രോഗികളെയും പരിചരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൈജീരിയന്‍ സന്യാസ സമൂഹമാണ് 'ദി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍'. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യങ്ങളോ മറ്റു വിവരങ്ങളോ സന്യാസ സമൂഹം വെളിപ്പെടുത്തിയിട്ടില്ല. നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൊലപാതകങ്ങളും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഈ അക്രമാസക്തമായ സാഹചര്യത്തെ ഏറെ ആശങ്കയോടെയാണ് ക്രൈസ്തവ വിശ്വാസികള്‍ വീക്ഷിക്കുന്നത്.

ബൊക്കോ ഹറാം തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി മൂലം രാജ്യത്തെ ക്രൈസ്തവര്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയാണ് ഈ തീവ്രവാദ സംഘടനയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ വായനയ്ക്ക്:

നൈജീരിയയില്‍ നാല് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സന്യാസ സമൂഹം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.