സംസ്ഥാനം കൈയടക്കി ക്വട്ടേഷന്‍, ലഹരി മാഫിയകള്‍; മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: രൂക്ഷ വിമര്‍ശനവുമായി സിപിഐ

സംസ്ഥാനം കൈയടക്കി ക്വട്ടേഷന്‍, ലഹരി മാഫിയകള്‍; മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: രൂക്ഷ വിമര്‍ശനവുമായി സിപിഐ

കൊല്ലം: സിപിഐ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ കൊലപാതക, ക്വട്ടേഷന്‍ മാഫിയകളും ലഹരിസംഘങ്ങളും വളരുകയാണ്. ഇതിനു കാരണം സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ആഭ്യന്തര വകുപ്പിനു പുറമെ വ്യവസായവകുപ്പും സമ്മേളനത്തില്‍ വിമര്‍ശനത്തിന് ഇരയായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പും പി രാജീവ് വ്യവസായ വകുപ്പും ഒഴിയണമെന്നാണ് പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ലെന്നും കയര്‍ മേഖല വലിയ തകര്‍ച്ചയിലാണ്. ആലപ്പുഴ എക്‌സല്‍ ഗ്ലാസ് ഫാക്ടറി വിറ്റത് ആക്രി വിലയ്ക്ക് ആണെന്നും വ്യവസായമന്ത്രി പൂര്‍ണ പരാജയമാണെന്നും വിമര്‍ശനം ഉയര്‍ന്നു. ടി.വി തോമസ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് സ്ഥാപിച്ച വ്യവസായങ്ങള്‍ മുസ്ലം ലീഗിലെയും സിപിഎമ്മിലെയും വ്യവസായമന്ത്രിമാര്‍ പൂട്ടിയെന്നും വിമര്‍ശനം ഉയര്‍ന്നു.

എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടയിലാണ് സിപിഐയുടെ വിമര്‍ശനം. എന്നാല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കാനം രാജേന്ദ്രന്‍ വേറിട്ട നിലപാടാണ് മുന്നോട്ടു വെച്ചത്. മുന്നണിയുടെ നേട്ടവും കോട്ടവും തുല്യമായി പങ്കിടണമെന്നും അല്ലാത്തത് വില കുറഞ്ഞ രാഷ്ട്രീയമാണെന്നും കാനം പറഞ്ഞു.

നേട്ടമുണ്ടായാല്‍ സിപിഐയുടേതെന്ന് പറയുന്നതും അല്ലെങ്കല്‍ തള്ളിപ്പറയുന്നതും ശരിയായ രീതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ സമ്മേളനങ്ങളില്‍ ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സ്വന്തം പ്രസ്ഥാനത്തോടുള്ള കൂറ് ഗൗരവമായി കാണാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പ്രവര്‍ത്തകര്‍ മുന്നണിയുടെ പൊതുരാഷ്ട്രീയം അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും കാനം വ്യക്തമാക്കി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ അത് പ്രധാനമാണെന്നും സര്‍ക്കാരിന്റെ സുഖവും ദുഖവും തുല്യമായെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളില്‍ നിന്ന് അകന്നു പോയ പാര്‍ട്ടി തിരച്ചു വന്നത് ഇടതുപക്ഷ ഐക്യത്തിനു ശേഷമാണെന്നും കാനം ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ ലോകായുക്ത ബില്‍ അവതരിപ്പിച്ചപ്പോഴും ഗവര്‍ണര്‍ക്കെതിരായ തര്‍ക്കത്തിലും സിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം രൂക്ഷമായി വിമര്‍ശിച്ച വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐയുടേത്. സമരക്കാരുടെ ആവശ്യം ന്യായമാണെന്നു കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.