മഞ്ഞു പുതച്ച് ന്യൂ സൗത്ത് വെയില്‍സ് പ്രദേശങ്ങള്‍; തണുപ്പില്‍ മരവിച്ച് ജനജീവിതം

മഞ്ഞു പുതച്ച് ന്യൂ സൗത്ത് വെയില്‍സ് പ്രദേശങ്ങള്‍; തണുപ്പില്‍ മരവിച്ച് ജനജീവിതം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ കനത്ത മഞ്ഞുവീഴ്ച്ച. ബ്ലൂ മൗണ്ടന്‍സ്, ലിത്ഗോ, ഓറഞ്ച്, ബാതര്‍സ്റ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞും തണുപ്പും അനുഭവപ്പെടുന്നത്. പലയിടത്തും റോഡുകള്‍ അടച്ചതോടെ ജനജീവിതം സ്തംഭിച്ചു. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.


ന്യൂ സൗത്ത് വെയില്‍സില്‍ ബാതര്‍സ്റ്റിനും ലിത്ഗോയ്ക്കും ഇടയിലുള്ള പ്രദേശമായ യെത്തോള്‍മില്‍ മഞ്ഞുവീഴ്ച്ച ശക്തമായപ്പോള്‍

കാറ്റും മഴയും ഇടിമിന്നലും ശക്തമായതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ 14 സഹായാഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് (എസ്.ഇഎ.സ്) അറിയിച്ചു. മഞ്ഞുവീഴ്ച്ചയെതുടര്‍ന്ന് റോഡുകളുടെ ഉപരിതലത്തില്‍ നേര്‍ത്തതായി കാണപ്പെടുന്ന ഐസ് പാളിയില്‍ തെന്നി അപകടമുണ്ടാകാതിരിക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞ് നീക്കാന്‍ റോഡില്‍ ഉപ്പ് വിതറുന്ന ജോലികള്‍ ആരംഭിച്ചതായി ന്യൂ സൗത്ത് വെയില്‍സ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

ഓറഞ്ചില്‍ ഒരിഞ്ച് കനത്തിലാണ് മഞ്ഞു മൂടിക്കിടക്കുന്നത്.


മഞ്ഞുവീഴ്ച്ച കനത്തതോടെ അടച്ചിട്ട, കട്ടൂംബയ്ക്കും മൗണ്ട് വിക്ടോറിയയ്ക്കും ഇടയിലുള്ള ഗ്രേറ്റ് വെസ്റ്റേണ്‍ ഹൈവേ ഗതാഗത യോഗ്യമാക്കി വീണ്ടും തുറന്നു. അതേസമയം ബെല്ലിനും ലിത്ഗോയ്ക്കും ഇടയിലുള്ള ബെല്‍സ് ലൈന്‍ റോഡ് അടച്ചിരിക്കുകയാണ്.


ന്യൂ സൗത്ത് വെയില്‍സില്‍ 30 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയ ബാറിംഗ്ടണ്‍ ടോപ്‌സില്‍നിന്നുള്ള ദൃശ്യം

ബ്ലൂ മൗണ്ടന്‍സില്‍ റെയില്‍വേ ലൈനുകളില്‍ മഞ്ഞു വീണുകിടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരുകയാണ്.

ന്യൂ സൗത്ത് വെയില്‍സിലെ ബാറിംഗ്ടണ്‍ ടോപ്‌സില്‍ ഒറ്റരാത്രികൊണ്ട് കനത്ത മഞ്ഞുവീഴ്ച്ചയാണുണ്ടായത്. ഇവിടെയുള്ള ദേശീയ ഉദ്യാനത്തിലെ മൗണ്ട് പോള്‍ബ്ലൂയില്‍ 30 സെന്റീമീറ്റര്‍ വരെയും ഡിങ്കോ ഗേറ്റില്‍ 10 സെന്റീമീറ്ററും മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് സിഡ്‌നിയുടെ ചില ഭാഗങ്ങളില്‍ താപനില -2 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. നാളെയും മഞ്ഞുകാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബൈറോണ്‍, ബേറ്റ്മാന്‍സ്, ഈഡന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്.

സിഡ്നി, ഇല്ലവാര, ബൈറോണ്‍, കോഫ്സ്, മക്വാരി, ഹണ്ടര്‍ കോസ്റ്റ് എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് സേന നിര്‍ദ്ദേശിച്ചു. അഞ്ച് മീറ്ററിലധികം തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം, ബോട്ടിംഗ്, സര്‍ഫിങ് എന്നിവയും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.