പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി

പീഡനക്കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി. സിവിക്കിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സ്റ്റേ. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നത് അടക്കം വിവാദ പരാമര്‍ശമുള്ള കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണ കുമാറിന്റെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ അപമാനകരമാണ്. സിവിക് ചന്ദ്രന്‍ സമാന കുറ്റങ്ങള്‍ വേറെയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് സിവിക് ചന്ദ്രന്റെ ശീലമാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് സെഷന്‍സ് കോടതിയുടെ ഉത്തരവിലുള്ളത്. ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഏത് വസ്ത്രം, എങ്ങനെ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവിട്ട കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയിരുന്നു. എസ്.എസ്.ടി വകുപ്പുകളെ തള്ളിക്കൊണ്ടുള്ള ഉത്തരവും പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ചുളള ഉത്തരവും എസ്. കൃഷ്ണകുമാര്‍ നടത്തിയത് വലിയ വിവാദമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് കൊല്ലം ലേബര്‍ കോടതിയിലേക്ക് ജഡ്ജിയെ സ്ഥലം മാറ്റിയത്. പകരക്കാരനായി മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണന്‍ ആകും കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.